20 April Saturday

ലുല മന്ത്രിസഭയിൽ 
11 വനിതകള്‍ ; പരിസ്ഥിതി മന്ത്രിയായി മറീന സിൽവ

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2022


റിയോ ഡി ജനീറോ
ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവ ജനുവരി ഒന്നിന്‌ ബ്രസീൽ പ്രസിഡന്റായി അധികാരമേൽക്കും. സ്ഥാനാരോഹണത്തിന്‌ മുന്നോടിയായി 16 മന്ത്രിമാരെക്കൂടി നിയമിച്ചു. 35 ക്യാബിനറ്റ്‌ മന്ത്രിമാരിൽ 11 പേർ വനിതകള്‍. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. ആമസോൺ സംരക്ഷണം പ്രധാന അജൻഡയാണെന്ന പ്രഖ്യാപനംകൂടിയാണ്‌ മറീന സിൽവയുടെ നിയമനം.  2003 മുതൽ 2010 വരെ ലുല പ്രസിഡന്റായിരിക്കുമ്പോൾ പരിസ്ഥിതി മന്ത്രിയായിരുന്നു മറീന സിൽവ.  പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോൾ അനധികൃത വനനശീകരണത്തിനെതിരായും ഖനി മാഫിയക്കെതിരായും ശക്തമായ നിലപാടെടുത്ത്‌ ശ്രദ്ധേയയായി.

ഉപഗ്രഹനിരീക്ഷണ സംവിധാനമുൾപ്പെടെ വനസംരക്ഷണത്തിനായി ശ്രദ്ധേയമായ ചുവടുവയ്‌പുകൾ നടത്തി. ആരോഗ്യം, സംസ്‌കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്‌ത്രസാങ്കേതികവികസനം തുടങ്ങിയ വകുപ്പുകൾക്കും വനിതാമന്ത്രിമാരാണ്‌. 

ഒക്‌ടോബർ 30ന്‌ നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ്‌ ജയ്‌ർ ബോൾസനാരോയെയാണ്‌ ലുല ഡ സിൽവ പരാജയപ്പെടുത്തിയത്‌. ബോൾസനാരോയുടെ ഭരണകാലത്ത്‌ 15 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വനനശീകരണമാണ്‌ സംഭവിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top