24 April Wednesday

കുവൈത്തില്‍ മന്ത്രിസഭ രാജിവെച്ചു

അനസ് യാസിന്‍Updated: Tuesday Apr 5, 2022

മനാമ> പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കുവൈത്തില്‍ സര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹിന് സര്‍ക്കാരിന്റെ രാജിക്കത്ത് സമര്‍പ്പിതായി ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.ബുധനാഴ്ചയാണ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.

 കോവിഡ് മഹാമാരി കൈകാര്യം ചെയ്തതും അഴിമതിയും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് നിരവധി പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ പാസാക്കിയ ഒരു പ്രമേയം 2022 അവസാനം വരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍,പ്രതിരോധ, ആഭ്യന്തര മന്ത്രിമാരും, ഭരണകുടുംബത്തിലെ അംഗങ്ങളും മന്ത്രിമാര്‍ക്കെതിരായ 'സ്വേച്ഛാപരമായ' ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റുമായുള്ള തര്‍ക്കം നീണ്ടുനിന്നതിനാല്‍ കഴിഞ്ഞ ഡിസംബറിലാണ് നിലവിലെ സര്‍ക്കാര്‍ ചുമതലേയറ്റത്. ആ വര്‍ഷം ജനുവരിയില്‍ സമാന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ മാര്‍ച്ചില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍, നവംബറില്‍ വീണ്ടും രാഷ്ട്രീയ നിശ്ചലാവസ്ഥയെ തുടര്‍ന്ന് രാജിവെച്ചു.

 ഭരണകക്ഷിയായ അല്‍ സബാഹ് കുടുംബത്തിലെ അംഗവും 2019 അവസാനം മുതല്‍ പ്രധാനമന്ത്രിയുമാണ് ഷെയ്ഖ് സബാഹ്. നിയമങ്ങള്‍ പാസാക്കാനും തടയാനും മന്ത്രിമാരെ ചോദ്യം ചെയ്യാനും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിക്കാനും കുവൈത്ത് പാര്‍ലമെന്റിന് അധികാരമുണ്ട്.
 
കോവിഡ് മഹാമാരി മുതല്‍ താല്‍ക്കാലികമായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാന്ത്വന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കടം നിയമം ഉള്‍പ്പെടെ കൂടുതല്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. ഉയര്‍ന്ന എണ്ണവില ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, 2017 മുതല്‍ അന്താരാഷ്ട്ര കടം നല്‍കാന്‍ കുവൈത്തിന് കഴിഞ്ഞിട്ടില്ല. കടം നിയമം പാസാക്കാനും എണ്ണയെ അമിതമായി ആശ്രയിക്കല്‍, ആഡംബരപൂര്‍ണ്ണമായ ക്ഷേമ സംവിധാനം, തടിച്ചുകൊഴുത്ത പൊതുമേഖല എന്നിവ അഭിസംബോധന ചെയ്യുന്നതും തടസപ്പെടുത്തുന്ന രാഷ്ട്രീയ പരിമിതികള്‍ ചൂണ്ടിക്കാട്ടി ഫിച്ച് റേറ്റിംഗ്സ് ജനുവരിയില്‍ കുവൈറ്റിനെ തരംതാഴ്ത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top