25 April Thursday

എന്റെ രാജാവല്ല ; കിരീടധാരണത്തിനെതിരെ 
ബ്രിട്ടനിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023


ലണ്ടൻ
രാജാവായി ചാൾസ്‌ മൂന്നാമന്റെ കിരീടധാരണച്ചടങ്ങിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ, ബ്രിട്ടനിൽ രാജഭരണ വിരുദ്ധവികാരം ശക്തമാകുന്നു. ചടങ്ങ്‌ നടക്കുന്ന ആറിന്‌ ട്രാഫർഗർ നഗറിലെ കിങ്‌ ചാൾസ്‌ ഒന്നാമന്റെ പ്രതിമയ്ക്ക്‌ മുന്നിൽ വലിയ പ്രതിഷേധത്തിന്‌ ഒരുങ്ങുകയാണ്‌ വിവിധ സംഘടനകൾ. കിരീടധാരണത്തിന്‌ മുന്നോടിയായുള്ള ഘോഷയാത്ര കടന്നുപോകവെ, മഞ്ഞവസ്ത്രത്തിൽ 1500ൽപ്പരം പേർ ഇവിടെ ഒത്തുചേർന്ന്‌ ‘നോട്ട്‌ മൈ കിങ്‌’ (എന്റെ രാജാവല്ല) എന്ന്‌ മുദ്രാവാക്യം മുഴക്കും. ചാൾസ്‌ ഒന്നാമൻ രാജാവിനെ 1649ൽ പാർലമെന്റ്‌ പുറത്താക്കുകയും വധശിക്ഷയ്ക്ക്‌ വിധേയനാക്കുകയുമായിരുന്നു.

രാജ്ഞിയായിരുന്ന എലിസബത്ത്‌ 2022 സെപ്തംബറിൽ മരിച്ചപ്പോൾത്തന്നെ രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിൽ ശക്തമായി. രാജ്യത്തെ അവസാന കിരീടധാരണമായിരിക്കണം ചാൾസിന്റേതെന്നാണ്‌ പ്രക്ഷോഭകർ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌. രാജ്യം പൂർണാർഥത്തിൽ ജനാധിപത്യത്തിലേക്ക്‌ മാറണമെന്നും ആവശ്യപ്പെടുന്നു.

വജ്രം തിരിച്ചുചോദിച്ച് ആഫ്രിക്കന്‍ ജനത
കോളനിയായിരുന്നപ്പോൾ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ കടത്തിക്കൊണ്ടുപോയ ലോകത്തെ ഏറ്റവും വലിയ വജ്രം തിരിച്ചുനൽകണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്കയിലെ വിവിധ സംഘടനകൾ രംഗത്തെത്തി. 1905ൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഭീമൻ വജ്രം രണ്ടുവർഷത്തിനുശേഷം അന്നത്തെ ഭരണനേതൃത്വം ബ്രിട്ടീഷുകാർക്ക്‌ നൽകുകയായിരുന്നു. ഇത്‌ കിരീടധാരണ ചടങ്ങിൽ ചാൾസ്‌ കൈയേന്തുന്ന ദണ്ഡിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. തുടർന്നാണ്‌ ഇത്‌ തിരിച്ചുനൽകണമെന്ന ആവശ്യം ശക്തമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top