പോങ്‌യാങ്
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരിച്ച് ഇരു സർക്കാരുകളും. കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നേക്കും. ഇതിനായി ഉത്തരകൊറിയൻ തലസ്ഥാനം പോങ്‌യാങ്ങിൽനിന്ന് കിം ഞായർ വൈകിട്ട് ട്രെയിൻ മാർഗം മോസ്കോയിലേക്ക് പുറപ്പെട്ടു. ഉക്രയ്‌ൻ യുദ്ധത്തിനായി റഷ്യക്ക് കൂടുതൽ ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഉദ്ദേശിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുടിന്റെ നിർദേശപ്രകാരമാണ് കിം എത്തുന്നതെന്ന് ക്രെംലിൻ പ്രസ്താവനയിൽ പറഞ്ഞു. കിം പുടിനെ കാണുമെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമം കെസിഎൻഎയും റിപ്പോർട്ട് ചെയ്തു. കിം ഔദ്യോഗിക സന്ദർശനത്തിനായി ഉപയോഗിക്കാറുള്ള പച്ചയിൽ മഞ്ഞ ഡിസൈനുള്ള ട്രെയിൻ പോങ്‌യാങ്ങിൽനിന്ന് പുറപ്പെട്ടതായി നേരത്തേതന്നെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയുടെ കിഴക്കൻ നഗരമായ വ്‌ലാദിവോസ്തോക്കിൽവച്ചായിരിക്കും കൂടിക്കാഴ്ച. ബുധൻവരെ ഇവിടെ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിനായി പുടിൻ തിങ്കളാഴ്ചതന്നെ ഇവിടെ എത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..