ടൊറന്റോ
ഹർദീപ് സിങ് നിജ്ജാറിനു പിന്നാലെ, ക്യാനഡയിൽ ഒരു ഖലിസ്ഥാൻവാദി നേതാവുകൂടി കൊല്ലപ്പെട്ടു. ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. വിന്നിപെഗിൽ ബുധനാഴ്ച രാത്രിയായിരുന്നു കൊല. ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സംഘടിത ക്രിമിനല്‍ സംഘവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദേവീന്ദർ ബാംബിഹ സംഘത്തില്‍പെട്ടയാളാണ് പഞ്ചാബിലെ മോഗ സ്വദേശിയായ സുഖ്‌ദൂൽ സിങ്.വ്യാജരേഖകളുമായി 2017ലാണ് ക്യാനഡയിലെത്തിയത്.നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യവും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
യുഎൻ പൊതുസഭയുടെ എഴുപത്തെട്ടാം പൊതുസഭാ യോഗത്തിനെത്തിയ ട്രൂഡോ ഇന്ത്യൻ വാർത്താ ഏജൻസിയുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ക്യാനഡയിലുള്ള ഇന്ത്യക്കാർക്കും അവിടേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയത് ക്യാനഡ തള്ളി. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാഷ്ട്രങ്ങളിലൊന്നാണ് ക്യാനഡയെന്ന് കുടിയേറ്റ മന്ത്രി മാർക് മില്ലർ പറഞ്ഞു. ഇന്ത്യയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്തുമെന്ന് ക്യാനഡ പറഞ്ഞു. നിജ്ജാറിന്റെ മരണത്തിലെ ഇന്ത്യൻ പങ്ക് അന്വേഷിക്കാനുള്ള ക്യാനഡയുടെ തീരുമാനത്തിന് അമേരിക്ക പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഉത്തരവാദിത്വം ഏറ്റെടുത്ത്
ലോറൻസ് ബിഷ്‌ണോയ്
ക്യാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി സുഖ്‌ദൂൽ സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയ്. മയക്കുമരുന്നിന് അടിമയായ ദുനേക നിരവധി കുറ്റങ്ങൾ ചെയ്‌തിട്ടുണ്ടെന്നും തെറ്റുകൾക്കുള്ള ശിക്ഷയാണ് ലഭിച്ചതെന്നും ബിഷ്ണോയ്‌യുടെ സംഘം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദുഖേരയെയും കൊലപ്പെടുത്തിയതിനു പിന്നില്‍ ദുനേകയാണ്. വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു ദുനേകയെന്നും സംഘം ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..