18 April Thursday

ഖലീൽ ജിബ്രാൻ മ്യൂസിയം നവീകരിക്കാൻ ഷാർജ ഭരണാധികാരിയുടെ ധനസഹായം

കെ എൽ ഗോപിUpdated: Wednesday Nov 9, 2022

ഷാർജ > ലെബനീസ്-അമേരിക്കൻ എഴുത്തുകാരനും കലാകാരനുമായ ഖലീൽ ജിബ്രാന്റെ പേരിലുള്ള മ്യൂസിയം നവീകരിക്കാൻ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ അൽഖാസിമിയുടെ ധനസഹായം. ബൈറൂട്ടിൽ നിന്ന് 120 കിലോമീറ്റർ അകലെ ലെബനനിലെ ബ്ഷാരിയിലാണ് ജിബ്രാൻ മ്യൂസിയം. ഏഴാം നൂറ്റാണ്ട് മുതൽ നിരവധി സന്യാസിമാർ അഭയം തേടിയ ഒരു പഴയ ഗുഹയും, മാർ സർക്കിസിന്റെ മൊണാസ്ട്രിയുമായിരുന്നു ഇത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, കെട്ടിടവും ചുറ്റുമുള്ള ഓക്ക് വനവും കർമ്മലീത്ത പിതാക്കന്മാർക്ക് ബ്ഷാരിയിലെ ജനങ്ങൾ വാഗ്ദാനം ചെയ്തു. 1926-ൽ, ന്യൂയോർക്കിൽ ആയിരിക്കുമ്പോൾ, ഖലീൽ ജിബ്രാൻ കർമ്മലീത്ത പിതാക്കന്മാരിൽ നിന്ന് ആശ്രമവും അതിനോട് ചേർന്നുള്ള വനവും വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 1931 ഏപ്രിൽ 10-ന് ന്യൂയോർക്കിൽ ജിബ്രാൻ മരിച്ചു. നാലു മാസങ്ങൾക്കു ശേഷം (1931 ഓഗസ്റ്റ് 22-ന്) മൃതദേഹം കപ്പലിൽ ബ്ഷാരിയിലെത്തിച്ച്‌  സഹോദരി മരിയാന, ആശ്രമവും അതിനോട് ചേർന്നുള്ള സ്ഥലങ്ങളും വാങ്ങി ജിബ്രാന്റെ ശവകുടീരവും സ്മാരകവുമാക്കി.  



മ്യൂസിയത്തിന്റെ കലകൾ സംരക്ഷിക്കുന്നതിനും, ഫോട്ടോഗ്രാഫുകൾ, കൈയെഴുത്തുപ്രതികൾ, ഉപകരണങ്ങൾ, പുസ്തകങ്ങൾ, പെയിന്റിംഗുകൾ എന്നിവയുൾപ്പെടെയുള്ള ശേഖരങ്ങൾ പുതിയ ഡിസ്പ്ലേ ടെക്നോളജി വഴി സംരക്ഷിക്കാനുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. പ്രാദേശികമായും ആഗോളതലത്തിലുമുള്ള സാംസ്കാരിക പ്രമുഖരെ അംഗീകരിക്കൽ, ഷാർജയുടെ മാന്യമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക സ്ഥാപനങ്ങളുടെ പോഷണം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച സാംസ്‌കാരിക മേഖലയിലേക്കുള്ള ഷാർജ ഭരണാധികാരിയുടെ അഞ്ച് വർഷത്തെ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിബ്രാൻ മ്യൂസിയത്തിന് സഹായം നൽകുന്നത്.

2021-ൽ ഷാർജ ഭരണാധികാരി ഉദ്‌ഘാടനം ചെയ്ത  "ആത്മാവിലേക്കുള്ള ഒരു ജാലകം" എന്ന പ്രദർശനത്തിൽ ജിബ്രാന്റെ അമൂല്യ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ജിബ്രാന്റെ 34 മാസ്റ്റർപീസുകൾ ഉൾപ്പെട്ടിരുന്നു. സംസ്കാരം, ബൗദ്ധികത, മാനുഷിക നേട്ടങ്ങൾ എന്നിവയെ പരിപോഷിപ്പിയ്ക്കുന്ന ഷാർജ ഭരണാധികാരി സൃഷ്ടിപരമായ പൈതൃകങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ആഴത്തിൽ വേരൂന്നിയ ചരിത്ര അടയാളങ്ങളും സംരക്ഷിയ്ക്കുന്ന മാതൃകാപരമായ വ്യക്തിത്വമാണെന്ന് ജിബ്രാൻ നാഷണൽ കമ്മറ്റി അധികാരികൾ അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top