26 April Friday

കസാഖ്‌സ്ഥാൻ : ഒരാഴ്ചയിൽ 164 പ്രക്ഷോഭകർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

videograbbed image


മോസ്കോ
ഇന്ധന വിലവർധനയ്ക്കെതിരായി രാജ്യത്ത്‌ തുടരുന്ന പ്രക്ഷോഭത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടത്‌ 164 പേരെന്ന്‌ കസാഖ്‌സ്ഥാൻ ആരോഗ്യമന്ത്രാലയം. 16 പൊലീസുകാരും 26 പ്രക്ഷോഭകരും മാത്രമാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ സർക്കാർ ഇതുവരെ പറഞ്ഞിരുന്നത്‌. യഥാർഥ കണക്കുകൾ പുറത്തുവന്നാൽ പ്രക്ഷോഭകരുടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ്‌ വിലയിരുത്തൽ.

ഏറ്റവും വലിയ നഗരമായ അൽമാറ്റിയിലാണ്‌ മരണം അധികം–- 103. പ്രതിഷേധം അതിശക്തമായി തുടരുന്ന ഇവിടെ ജനങ്ങൾ സർക്കാർ ഓഫീസുകൾക്ക്‌ തീയിട്ടിരുന്നു. ഇവിടെ കൊല്ലപ്പെട്ടവരിൽ നാലുവയസ്സുകാരി ഉൾപ്പെടെ മൂന്ന്‌ കുട്ടികളുമുണ്ട്‌. നഗരത്തിൽ മാത്രം 2200 പേർ പരിക്കേറ്റ്‌ ചികിത്സ തേടിയെന്ന്‌ ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ വിവിധയിടങ്ങളിലായി 5800 പ്രക്ഷോഭകരെ തടവിലാക്കിയതായും പ്രസിഡന്റ്‌ കാസിം ജോമാർട്‌ ടൊകയേവ്‌ അറിയിച്ചു. രാജ്യത്ത്‌ ക്രമസമാധാനം പുനഃസ്ഥാപിച്ചതായും പ്രക്ഷോഭകർ പിടിച്ചെടുത്ത സർക്കാർ ഓഫീസുകൾ തിരികെ പിടിച്ചതായും അദ്ദേഹം ഞായറാഴ്ച അറിയിച്ചു. വിദേശ പിന്തുണയുള്ള തീവ്രവാദികളാണ്‌ പ്രതിഷേധത്തിന്‌ പിന്നിലെന്ന്‌ ടൊകയേവ്‌ പറഞ്ഞു. പ്രസിഡന്റിന്റെ അഭ്യർഥന പ്രകാരം 2,500 റഷ്യൻ സൈനികരെ സമാധാന ദൗത്യവുമായി രാജ്യത്തേക്ക്‌ അയക്കുമെന്ന്‌ റഷ്യ നേതൃത്വം നൽകുന്ന കളക്ടീവ്‌ സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ അറിയിച്ചു.

അൽമാറ്റിയിൽനിന്ന്‌ ഞായറാഴ്ചയും വെടിയൊച്ചകൾ കേട്ടതായി റഷ്യൻ ടിവി മിർ 24 റിപ്പോർട്ട്‌ ചെയ്തു. പ്രക്ഷോഭകർ പിടിച്ചെടുത്ത അൽമാറ്റി വിമാനത്താവളം തിങ്കളാഴ്ച തുറക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

സർക്കാർ എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞതോടെ രാജ്യത്ത്‌ ഇന്ധനവില കുതിച്ചുയർന്നതാണ്‌ ജനകീയ പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌. രണ്ടിന്‌ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആരംഭിച്ച പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. അതിനിടെ, ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ച്‌  മുൻ ഇന്റലിജൻസ്‌ മേധാവി കരിം മസിമോവിനെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്തിരുന്നു. തിരക്കിട്ട്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കുകയും ഉടൻ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top