20 April Saturday

കാണ്ഡഹാറിലും ഷിയാ പള്ളിയില്‍ ചാവേറാക്രമണം; 37 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

videograbbed image


കാബൂൾ
തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഷിയ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. നഗരത്തിലെ ഏറ്റവും വലിയ ഷിയ പള്ളിയായ ബിബി ഫാത്തിമ പള്ളിയിൽ വെള്ളി ഉച്ചകഴിഞ്ഞുള്ള നിസ്‌കാരത്തിനിടെയായിരുന്നു ആക്രമണം. താലിബാൻ വക്താവ് ബിലാൽ കരിമി സ്ഫോടനം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്നാണ് കരുതുന്നത്. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

നാല് ചാവേറുകളാണ് പള്ളി ആക്രമിച്ചതെന്നാണ് വിവരം.സുരക്ഷാ കവാടത്തിൽ രണ്ടുപേരും വിശ്വാസികൾക്കിടയിൽ മറ്റ് രണ്ടു ചാവേറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. 500 പേരോളം വെള്ളിയാഴ്ച നിസ്കാരത്തിൽ പങ്കെടുക്കാറുണ്ട്‌. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആഗസ്തിൽ താലിബാൻ അധികാരം പിടിച്ചെടുത്തശേഷം രാജ്യത്തുടനീളം നിരവധി ബോംബാക്രമണങ്ങൾ ഐഎസ് നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച കുൺഡുസ് നഗരത്തിലെ ഷിയാ പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. നാറ്റോ, അമേരിക്കൻ സൈന്യങ്ങൾ രാജ്യംവിട്ടതിനുശേഷമുണ്ടായ ഏറ്റവും വലിയ  ആക്രമണമായിരുന്നു ഇത്.

ആഗസ്ത്‌ 26ന് കാബൂൾ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 13 യുഎസ് സൈനികരും 169 അഫ്ഗാൻകാരും കൊല്ലപ്പെട്ടു. താലിബാൻകാരെ ലക്ഷ്യമിട്ടും നിരവധി ചെറു ആക്രമണങ്ങൾ നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top