25 April Thursday

ഗർഭച്ഛിദ്രത്തിന്റെ പേരിൽ സഹായം തടയുന്നത്‌ ബൈഡൻ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


വാഷിങ്‌ടൺ
ഗർഭച്ഛിദ്രത്തെ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വിദേശ സംഘടനകൾക്ക്‌ അമേരിക്കൻ സഹായം തടഞ്ഞ മുൻ സർക്കാർ ഉത്തരവ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ റദ്ദാക്കി. കഴിഞ്ഞ നാല്‌ വർഷം അമേരിക്കൻ സഹായം നിഷേധിക്കപ്പെട്ടവയിൽ ഒന്നായ യുഎൻ ലൈംഗിക–-പ്രത്യുൽപാദന ആരോഗ്യ ഏജൻസി ബൈഡന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌തു. വിവിധ ജീവകാരുണ്യ സംഘടനകളും ഗർഭച്ഛിദ്ര അവകാശത്തിന്‌ വാദിക്കുന്നവരും ഇതിനെ സ്വാഗതം ചെയ്‌തപ്പോൾ യാഥാസ്ഥിതികർ വിമർശിച്ചു.

1984ൽ റൊണാൾഡ്‌ റീഗൻമുതൽ എല്ലാ റിപ്പബ്ലിക്കൻ പ്രസിഡന്റുമാരും നടപ്പാക്കിയ സഹായനിരോധനം ഡെമോക്രാറ്റിക്‌ പ്രസിഡന്റുമാർ അധികാരമേൽക്കുമ്പോൾ റദ്ദാക്കുന്നത്‌ പതിവാണ്‌. റീഗൻ ആദ്യം ഈ നിരോധനം ഏർപ്പെടുത്തിയപ്പോൾ അമേരിക്കൻ സംഘടനകൾക്കും സഹായം തടഞ്ഞിരുന്നു. നിയമയുദ്ധത്തിലൂടെയാണ്‌ അവ വീണ്ടും സർക്കാർ സഹായം നേടിയത്‌. എന്നാൽ, എല്ലാ സർക്കാർ സഹായവും തടയാൻ ട്രംപ്‌ ഈ നിയമം വിപുലമാക്കിയിരുന്നു.

ആഫ്രിക്കയിലടക്കം കുടുംബാസൂത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാരിതര സംഘടനകളെയാണ്‌ അമേരിക്ക സഹായം നിർത്തുമ്പോൾ ബാധിക്കുന്നത്‌. ചില സംഘടനകൾ തുടർന്നും സഹായം ലഭിക്കാൻ അമേരിക്ക ആവശ്യപ്പെടുന്ന മാറ്റം നയത്തിൽ വരുത്താറുണ്ട്‌. സഹായ നിരോധനം ലോകമെങ്ങും സ്‌ത്രീകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ദാരിദ്ര്യം മൂർച്ഛിപ്പിക്കുകയും ചെയ്യുമെന്ന്‌ വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

അമേരിക്ക സഹായം നിർത്തുന്നത്‌ യഥാർഥത്തിൽ ഗർഭച്ഛിദ്രങ്ങൾ വർധിപ്പിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഉറകൾ അടക്കമുള്ള ഗർഭനിരോധന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക്‌ സഹായം നിഷേധിക്കുമ്പോൾ ജനങ്ങൾ അനധികൃത ഗർഭച്ഛിദ്രം അടക്കം അപകടകരമായ മാർഗങ്ങൾ സ്വീകരിക്കുന്നതായാണ്‌ തെളിഞ്ഞത്‌. ജോർജ്‌ ബുഷിന്റെ(2001–-2008) ഭരണകാലത്ത്‌ യുഎസ്‌ നയം ഏറ്റവും ബാധിച്ച 13 രാജ്യങ്ങളിൽ ഗർഭച്ഛിദ്രം മറ്റ്‌ രാജ്യങ്ങളിലേക്കാൾ 64 ശതമാനം വർധിച്ചതായി ലാൻസെറ്റ്‌ ജേണൽ 2019ൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. അതേസമയം ബുഷിന്റെ മുൻഗാമിയായ ബിൽ ക്ലിന്റന്റെ ഭരണകാലത്ത്‌ സഹായം ലഭിച്ചപ്പോൾ ഈ 13 രാജ്യങ്ങളിൽ മറ്റ്‌ രാജ്യങ്ങളിലേക്കാൾ എട്ട്‌ ശതമാനം കുറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top