20 April Saturday
ബൈഡൻ ടീമിൽ 20 ‘ഇന്ത്യക്കാർ’

കുടിയേറ്റക്കാർക്ക്‌ പൗരത്വത്തിന്‌ ബൈഡന്റെ ആദ്യദിനം തന്നെ ബിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


വാഷിങ്‌ടൺ
ജോ ബൈഡൻ അമേരിക്കയിൽ അധികാരമേൽക്കുന്ന ദിവസംതന്നെ 1.1 കോടിയോളം അനധികൃത കുടിയേറ്റക്കാർക്ക്‌ പൗരത്വത്തിലേക്ക്‌ വഴി തുറക്കും. ഇതിനാവശ്യമായ ബിൽ ബൈഡൻ കോൺഗ്രസിന്റെ പരിഗണനയ്‌ക്ക്‌ വിടുമെന്നാണ്‌ കൂടിയാലോചനകളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്‌. 1986ൽ റൊണാൾഡ്‌ റീഗൻ 30 ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക്‌ മാപ്പ്‌ നൽകിയശേഷം നടപ്പാക്കുന്ന ഏറ്റവും വലിയ കുടിയേറ്റ അനുകൂല നടപടിയാകും ഇത്‌.

അധികാരമേൽക്കുന്ന ബുധനാഴ്‌ച തന്നെ ബൈഡൻ പ്രഖ്യാപിക്കുന്ന ഡസനോളം തീരുമാനങ്ങളിൽ പലതും ഡോണൾഡ്‌ ട്രംപിന്റെ നടപടികൾ റദ്ദാക്കുന്നതും തിരുത്തുന്നതുമായിരിക്കും. കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുയർത്തി അധികാരത്തിൽ വന്ന ട്രംപിന്റെ നയങ്ങൾക്ക്‌ വിപരീതമായിരിക്കും തന്റെ നിലപാടെന്ന്‌ വാഗ്ദാനം ചെയ്‌താണ്‌ ബൈഡൻ വോട്ട്‌ നേടിയത്‌.

ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ അമേരിക്കയിൽ പ്രവേശനം നിരോധിച്ച ട്രംപിന്റെ തീരുമാനവും റദ്ദാക്കപ്പെടുന്നവയിലുണ്ട്‌. പാരീസ്‌ കാലാവസ്ഥാ ഉടമ്പടിയിൽനിന്ന്‌ ട്രംപ്‌ അമേരിക്കയെ പിൻവലിച്ചത്‌ തിരുത്തുന്നതാകും മറ്റൊരു തീരുമാനം. ഭവനസഹായം, വിദ്യാർഥികൾക്ക്‌ വായ്‌പാ തിരിച്ചടവിൽ ഇളവ്‌, കുടിയിറക്കൽ തടയൽ എന്നിവയിലും സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന്‌ ബൈഡന്റെ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ ആകുന്ന റോൺ ക്ലെയ്‌ൻ ലേഖകർക്ക്‌ നൽകിയ കുറിപ്പിൽ വ്യക്തമാക്കി. അന്തർസംസ്ഥാന യാത്രകളിലും ദേശീയ സർക്കാരിന്റെ വസ്‌തുവകകളിലും മാസ്‌ക്‌ ധരിക്കൽ നിർബന്ധമാക്കും.

ബൈഡൻ ടീമിൽ 20 ‘ഇന്ത്യക്കാർ’
ജോ ബൈഡൻ അമേരിക്കയിൽ പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ 20 ഇന്ത്യൻ അമേരിക്കക്കാരാണ്‌ സുപ്രധാന പദവികളിൽ എത്തുക. ഇതിൽ 17 പേരും ഭരണകേന്ദ്രമായ വൈറ്റ്‌ ഹൗസ്‌ സമുച്ചയത്തിലേക്കാണ്‌ നിയോഗിക്കപ്പെടുന്നത്‌. ഇത്രയധികം ‘ഇന്ത്യക്കാർ’ അമേരിക്കൻ ഭരണതലത്തിലേക്ക്‌ എത്തുന്നത്‌ ആദ്യമായാണ്‌.

വിവിധ പദവികളിലേക്ക്‌ ബൈഡൻ നാമനിർദേശം ചെയ്‌ത ഇ ന്ത്യൻ അമേരിക്കക്കാരിൽ 13 പേർ സ്‌ത്രീകളാണ്‌.
അമേരിക്കൻ ചരിത്രത്തിൽ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി ഇന്ത്യൻ വംശജയായ അമ്പത്താറുകാരി കമല ഹാരിസ്‌ ബൈഡനൊപ്പം അധികാരമേൽക്കും.

വൈറ്റ്‌ഹൗസിലെ മാനേജ്‌മെന്റ്‌ ആൻഡ്‌ ബജറ്റ്‌ ഡയറക്ടർ നീര ടണ്ടൻ, സർജൻ ജനറൽ ഡോ. വിവേക്‌ മൂർത്തി, അസോസിയേറ്റ്‌ അറ്റോർണി ജനറൽ വനിത ഗുപ്‌ത, സ്‌റ്റേറ്റ്‌ അണ്ടർ സെക്രട്ടറി ഉസ്‌റ സേയ തുടങ്ങി നിരവധി പേരാണ്‌ സുപ്രധാന പദവികളിലേക്ക്‌ നാമനിർദേശം ചെയ്യപ്പെട്ടത്‌.

പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി മാല അഡിഗ, ഡിജിറ്റൽ ഡയറക്ടറായി ഗരിമ വർമ, ഉപ മാധ്യമ സെക്രട്ടറിയായി സബ്രിന സിങ്‌ എന്നിവരും നിയമിതരായി. ഭരത്‌ രാമമൂർത്തി, ഗൗതം രാഘവൻ, കശ്‌മീരിൽ വേരുള്ള ഐഷ ഷാ, സമീറ ഫാസിലി എന്നിവരും ശ്രദ്ധേയ പദവിയിൽ എത്തുന്നവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top