29 March Friday

സത്യപ്രതിജ്ഞ കഴിഞ്ഞു: അമേരിക്കയുടെ അമരത്ത്‌ ജോ ബൈഡൻ; ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി കമലാ ഹാരിസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

വാഷിങ്‌ടൺ
അമേരിക്കൻ ജനതയെ ഭിന്നിപ്പിച്ച ഡോണൾഡ്‌ ട്രംപിന്റെ ഭ്രാന്തൻവാഴ്‌ചയ്‌ക്ക്‌ അന്ത്യംകുറിച്ച്‌ ജോ ബൈഡൻ എന്ന ജോസഫ്‌ റോബിനെറ്റ്‌ ബൈഡൻ ജൂനിയർ അമേരിക്കയുടെ നാൽപത്താറാമത്‌ പ്രസിഡന്റായി അധികാരമേറ്റു. അമേരിക്ക വെള്ളക്കാരുടെമാത്രം രാജ്യമല്ല എന്ന പ്രഖ്യാപനമായി ആഫ്രോ–-ഏഷ്യൻ വംശജ കമല ഹാരിസ്‌ രാജ്യത്തിന്റെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി. അമ്പത്തിയാറുകാരിയായ കമല തമിഴ്‌നാട്ടിലെ ചെന്നൈയിൽനിന്ന്‌ കുടിയേറിയ ശ്യാമള ഗോപാലന്റെ മകളായി അമേരിക്കയിലാണ്‌ ജനിച്ചത്‌. ഒന്നര നൂറ്റാണ്ടിനിടെ ആദ്യമായി മുൻഗാമിയുടെ അസാന്നിധ്യത്തിലായിരുന്നു ഇത്തവണ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. മുൻ പ്രസിഡന്റുമാരിൽ ജോർജ്‌ ഡബ്ല്യു ബുഷ്‌, ബിൽ ക്ലിന്റൺ, ബറാക്‌ ഒബാമ എന്നിവർ ഭാര്യമാരോടൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

ഏറ്റവും പ്രായമുള്ള അമേരിക്കൻ പ്രസിഡന്റായാണ്‌ എഴുപത്തെട്ടുകാരനായ ബൈഡൻ അധികാരമേറ്റത്‌. ട്രംപ്‌ വംശീയമായി ഭിന്നിപ്പിച്ച രാജ്യത്തെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘അമേരിക്ക യുണൈറ്റഡ്‌’ എന്നതായിരുന്നു സ്ഥാനാരോഹണ മുദ്രാവാക്യം. അമേരിക്കയിൽ കോവിഡ്‌ മരണം 4.11 ലക്ഷം കടന്നിരിക്കെ മഹാമാരി നിയന്ത്രിക്കുന്നതിനാണ്‌ ബൈഡന്റെ മുഖ്യ പരിഗണന. സാമ്പത്തിക തകർച്ചയിൽനിന്ന്‌ രാജ്യത്തെ കരകയറ്റുകയും പരമ്പരാഗത യൂറോപ്യൻ സഖ്യരാഷ്‌ട്രങ്ങളുമായി പോലുമുള്ള അകൽച്ച പരിഹരിക്കുകയുമാണ്‌ ബൈഡൻ സർക്കാരിന്റെ മറ്റ്‌ അടിയന്തര ലക്ഷ്യങ്ങൾ. വാഷിങ്‌ടൺ ഡിസിയിലെ ‘ദി കത്തീഡ്രൽ ഓഫ്‌ സെന്റ്‌ മാത്യു ദി അപോസൽ’ പള്ളിയിൽ ഒന്നിച്ച്‌ കുടുംബാംഗങ്ങൾക്കൊപ്പം പ്രാർഥനയ്‌ക്കു‌ശേഷമാണ്‌ ബൈഡനും കമലയും സത്യപ്രതിജ്ഞയ്‌ക്ക്‌ കോൺഗ്രസ്‌ മന്ദിരമായ ക്യാപിറ്റോളിലെത്തിയത്‌.

ക്യാപിറ്റോളിന്റെ വെസ്‌റ്റ്‌ ഫ്രണ്ട്‌ അങ്കണത്തിൽ കമല ഹാരിസിന്റെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം. യുഎസ്‌ സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനോ ജഡ്‌ജിയായ സോണിയ സോട്ടോമെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബുധനാഴ്‌ച പകൽ 12 മണിയടിച്ചപ്പോൾ ബൈഡന്റെ സത്യപ്രതിജ്ഞ ആരംഭിച്ചു. സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ജോൺ റോബർട്‌സാണ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്‌. 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളാണ്‌ ബൈഡൻ ഉപയോഗിച്ചത്‌.

സത്യപ്രതിജ്ഞയ്‌ക്കുശേഷം പ്രസിഡന്റ്‌ എന്ന നിലയിൽ ബൈഡൻ രാഷ്‌ട്രത്തെ ആദ്യമായി അഭിസംബോധന ചെയ്‌തു. ഐക്യസന്ദേശം പകർന്ന പ്രസംഗം ഇന്ത്യൻ വംശജൻ വിനയ്‌ റെഡ്ഡിയാണ്‌ തയ്യാറാക്കിയത്‌. പ്രസംഗശേഷം ക്യാപിറ്റോളിന്റെ കിഴക്കേ നടയിൽ എത്തി ബൈഡൻ സർവസൈന്യാധിപൻ എന്ന നിലയിൽ സൈന്യത്തെ അഭിസംബോധന ചെയ്‌തു.തുടർന്ന്‌ ബൈഡനും കമലയും മുൻ പ്രസിഡന്റുമാരും ജീവിതപങ്കാളികളും ആർലിങ്‌ടൺ ദേശീയ സെമിത്തേരിയിൽ എത്തി അജ്ഞാത സൈനികന്റെ കുടീരത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന്‌ സെനിക അകമ്പടിയോടെ ഇവർ വൈറ്റ്‌ഹൗസിലേക്ക്‌ നടന്നു.

കറുത്തവംശജർ തുന്നിയ ബ്ലേസറിൽ കമല
സത്യപ്രതിജ്ഞയ്‌ക്ക്‌ റാൾഫ്‌ ലോറൻ രൂപകൽപന ചെയ്‌ത നേവി സ്യൂട്ടും നേവി ഓവർകോട്ടുമായിരുന്നു ജോ ബൈഡന്റെ വേഷം. കറുത്തവംശക്കാരായ ക്രിസ്‌റ്റഫർ ജോൺ റോജേഴ്‌സും സെർജിയോ ഹഡ്‌സണും രൂപകൽപന ചെയ്‌ത നീല ബ്ലേസറും ഷൂസിന്‌ പകരം സ്‌നീക്കേഴ്‌സുമാണ്‌ കമല ഹാരിസ്‌ ധരിച്ചത്‌. അലെക്സാണ്ടർ ഒനീൽ രൂപകൽപ്പന ചെയ്ത സമുദ്രനീല ട്വീഡ് കോട്ടായിരുന്നു ബൈഡന്റെ ഭാര്യ ജില്ലിന്റെ വേഷം.

കമലയുടെ സത്യപ്രതിജ്ഞയ്‌ക്ക്‌ രണ്ട്‌ ബൈബിൾ ഉപയോഗിച്ചു. മുൻ അയൽക്കാരി റെജിന ജെൽട്ടന്റെയും സുപ്രീംകോടതിയിലെ കറുത്ത വംശക്കാരനായ ആദ്യ ജഡ്‌ജി തർഗൂഡ്‌ മാർഷലിന്റെയും. ഭർത്താവ്‌ ഡഗ്ലസ്‌ എംഹോഫ്‌ ബൈബിൾ പിടിച്ചുകൊടുത്തു.

കഴിഞ്ഞ ആറിന്‌ ക്യാപിറ്റോളിൽ ട്രംപിസ്‌റ്റ്‌ തെമ്മാടികൾ നടത്തിയ കലാപം പോലെ ആക്രമണമുണ്ടാവാമെന്ന ആശങ്കയിൽ കാൽലക്ഷം നാഷണൽ ഗാർഡ്‌ സോനാംഗങ്ങളുടെ കാവലിൽ പട്ടാള നഗരം പോലെയായിരുന്നു യുഎസ്‌ തലസ്ഥാനം. കോവിഡ്‌ വ്യാപനത്തിന്റെ സാഹചര്യത്തിൽ ആളുകൾ വീട്ടിലിരുന്ന്‌ ചടങ്ങുകൾ കാണണമെന്ന്‌ ബൈഡൻ അഭ്യർഥിച്ചിരുന്നു. ആഘോഷവിരുന്നുകളടക്കം പല പതിവ്‌ പരിപാടികളും ഇത്തവണ ഒഴിവാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top