20 April Saturday

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022


 

ടോക്യോ
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയെ(67) തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിനിടെ വെടിവെച്ചുകൊന്നു. ഞായറാഴ്ചത്തെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനു മുന്നോടിയായി പടിഞ്ഞാറൻ നഗരമായ നരയില്‍ റെയിൽവേ സ്‌റ്റേഷനു സമീപം പ്രചാരണപരിപാടിയില്‍   പ്രസം​ഗിക്കെയാണ് അരുംകൊല. രണ്ടാം ലോകയുദ്ധത്തിന്‌ ശേഷം ജപ്പാൻ നടുങ്ങിയ രാഷ്ട്രീയ ദുരന്തമാണിത്. 

വെള്ളിയാഴ്‌ച ജപ്പാൻ സമയം പകൽ 11.30നായിരുന്നു വെടിവെപ്പ്‌. അബെ പ്രസംഗം തുടങ്ങി നിമിഷങ്ങൾക്കകം തൊട്ടു പിന്നിൽനിന്ന് രണ്ടുതവണ വെടിയുതിര്‍ന്നു. കുഴഞ്ഞുവീണ അബെയ്ക്ക്‌ ഹൃദയാഘാതമുണ്ടായി. ഹെലികോപ്‌റ്ററിൽ നര ആരോഗ്യ സർവകലാശാലയിലേക്ക്‌ മാറ്റി. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊല്ലപ്പെട്ടത്‌ ലോകത്തെ ന‌ടുക്കി. 

ജപ്പാൻ നാവികസേനയിലെ മുൻ സുരക്ഷാസേനാ ജീവനക്കാരനായിരുന്ന തെത്സുയ യമഗാമി (41)യാണ് കൊലയാളി. അബെയുടെ അം​ഗരക്ഷകര്‍ അയാളെ സംഭവസ്ഥലത്തുവച്ചുതന്നെ കീഴ്പ്പെടുത്തി. ഇയാൾതന്നെ നിർമിച്ചതെന്ന്‌ കരുതുന്ന നാടന്‍ തോക്കുപോലുള്ള ആയുധമാണ് ഉപയോ​ഗിച്ചത്.

ഷിൻസോയോടുള്ള അതൃപ്തിയാണ്‌ ആക്രമണത്തിന്‌ കാരണമെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി വെടിവയ്ക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞതായി ജാപ്പനീസ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കൊലപാതകത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020വരെയും പ്രധാനമന്ത്രിയായ അബെ ശാരീരിക അസ്വസ്ഥതകളുടെ പേരിലാണ് നേതൃസ്ഥാനം ഒഴിയുന്നത്. എങ്കിലും ജപ്പാനിലെ പൊതുജീവിതത്തെ സ്വാധീനിക്കുന്ന നിര്‍ണായക വ്യക്തിത്വമായി തുടര്‍ന്നു. ​യാഥാസ്ഥിതിക ദേശീയവാദ രാഷ്ട്രീയപ്രസ്ഥാനമായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയെ (എല്‍‍ഡിപി) നിയന്ത്രിക്കുന്ന പ്രധാന വിഭാ​ഗത്തിന്റെ നേതൃത്വം  അബെയ്ക്കായിരുന്നു. മുത്തച്ഛനായ മുൻ പ്രധാനമന്ത്രി നൊബുസുകെ കിഷി ഉൾപ്പെടെയുള്ളവരുടെ നീണ്ട നിരയുള്ള രാഷ്ട്രീയകുടുംബത്തിൽ അംഗമാണ്‌ അബെ.  അമേരിക്ക അണുബോംബിട്ട ഹിരോഷിമയിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റിനെ (ഒബാമ) ഔദ്യോഗിക പരിപാടിക്ക്‌ എത്തിച്ചത്  ഉള്‍പ്പെടെയുള്ള നേട്ടങ്ങൾ അദ്ദേഹത്തിന്‌ നാട്ടില്‍ താരപരിവേഷം നൽകി. ഷിൻസോ അബെയോടുള്ള ആദരസൂചകമായി ശനിയാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top