25 April Thursday

ബ്രസീൽ തെരഞ്ഞെടുപ്പ്‌ : തോല്‍വി സമ്മതിക്കാതെ 
ബോൾസനാരോ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022


ബ്രസീലിയ
ബ്രസീൽ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും പരാജയം അംഗീകരിക്കാതെ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോ. ഇടത്‌ നേതാവ്‌ ലുല ഡ സിൽവയുടെ വിജയത്തെ തുടർന്ന്‌ ബോൾസനാരോ തിങ്കളാഴ്ച പ്രതികരിക്കുമെന്ന്‌ അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ചയും മൗനം തുടർന്നു.

മുൻകാലങ്ങളിലേതുപോലെ വിജയിയെ ഫോണിൽ ബന്ധപ്പെടുകയെന്ന കീഴ്‌വഴക്കവും തീവ്ര വലത്‌ നേതാവായ പ്രസിഡന്റ്‌ പാലിച്ചില്ല. തെരുവുകളിൽ ബോൾസനാരോയുടെ അനുയായികൾ അക്രമം അഴിച്ചുവിട്ടു. രാജ്യമെമ്പാടും ടയറുകൾ കത്തിച്ച്‌ വഴിതടഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

രണ്ട്‌ സംസ്ഥാനത്ത്‌ ഗതാഗതം പൂർണമായും നിശ്ചലമായി. ഭക്ഷ്യവിതരണം ഉൾപ്പെടെ മുടങ്ങി. 2023 ജനുവരി ഒന്നിനാണ്‌ ലുലയുടെ സത്യപ്രതിജ്ഞ. ഇതിനുമുമ്പുള്ള സമയം പ്രശ്‌നങ്ങളുണ്ടാക്കി ക്യാപിറ്റോൾ ആക്രമണംപോലുള്ള ലഹളയ്ക്കായി ‘ഡോണൾഡ്‌ ട്രംപിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്‌’ എന്നറിയപ്പെടുന്ന ബോൾസനാരോ ശ്രമിക്കുമെന്നും അഭ്യൂഹമുണ്ട്‌. തിങ്കൾ രാത്രിവരെ 342 അക്രമസംഭവമാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. റോഡിലെ തടസ്സങ്ങൾ നീക്കംചെയ്യാൻ കോടതി പൊലീസിന് നിർദേശം നൽകി.

ബ്രസീലിന്റെ ഫുട്‌ബോൾ ലഹരിയടക്കം ചൂഷണംചെയ്തുള്ള പ്രചാരണവും ഫലം കാണാതായതോടെയാണ്‌ ബോൾസനാരോയുടെ നിലവിട്ട പെരുമാറ്റം. പ്രചാരണ റാലികളിലടക്കം ബോൾസനാരോയും അണികളും ബ്രസീൽ ദേശീയ ടീമിന്റെ ജേഴ്‌സിയിലാണ്‌ എത്തിയത്‌. നെയ്‌മറിന്റെ ടിക്‌ ടോക്‌ വീഡിയോയും ജനങ്ങളെ സ്വാധീനിച്ചു. ബോൾസനാരോയുടെ ഭാര്യ ഇസ്രയേൽ ജേഴ്‌സിയണിഞ്ഞ്‌ വോട്ടുചെയ്യാനെത്തിയതും ലുലയുടെയും വർക്കേഴ്‌സ്‌ പാർടിയുടെയും പലസ്തീൻ അനുകൂല നിലപാടിന്‌ എതിരായ പ്രസ്താവമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top