05 May Sunday

ക്രിസ്‌ത്യൻ പള്ളി തകർത്തു ; ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്നത്‌ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

 

ഗാസ
ഗാസയിൽ ആശുപത്രി ആക്രമിച്ചതിനുപിന്നാലെ പുരാതനമായ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പള്ളിയും ഇസ്രയേൽ ആക്രമണത്തിൽ തകർത്തു. ഗാസയിലെ സെയിന്റ്‌ ഫൊർഫെരിയസ്‌ പള്ളിക്കുനേരെയാണ്‌ ആക്രമണം ഉണ്ടായത്‌. ഇവിടെ കെട്ടിടം തകർന്നു. 18 ക്രിസ്ത്യൻ പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഹമാസ്‌ അറിയിച്ചു. അഞ്ഞൂറോളംപേർ ഇവിടെ അഭയം തേടിയിരിക്കെയാണ്‌ ആക്രമണമുണ്ടായത്‌. എന്നാൽ ഇരുന്നൂറോളംപേർ കൊല്ലപ്പെട്ടെന്നാണ്‌ ലഭിക്കുന്ന വിവരമെന്ന്‌ പള്ളി അധികൃതർ പറഞ്ഞു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്ത അൽ- അഹ്‌ലി ആശുപത്രിയുടെ പരിസരത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഗാസയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്‌ത്യൻ പള്ളിയാണ്‌ സെയിന്റ്‌ ഫൊർഫെരിയസ്‌. വ്യോമാക്രമണത്തെ അപലപിക്കുന്നതായും സഹായം നൽകാനുള്ള മതപരവും മാനുഷികവുമായ കടമ ഉപേക്ഷിക്കില്ലെന്നും ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയര്‍ക്കീസ്‌ കാര്യാലയം അറിയിച്ചു. ഗാസയിലെ 23 ലക്ഷം ജനസംഖ്യയിൽ ഏകദേശം 1000 പേർ ക്രിസ്ത്യാനികളാണ്‌. അവരിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്സ് ആണ്. മിസൈൽ കമാൻഡ് സെന്ററിനുനേരെയുണ്ടായ ആക്രമണത്തിൽ പള്ളിയുടെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു എന്നാണ്‌ ഇസ്രയേലിന്റെ വാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top