19 April Friday

ഇറാനിയൻ ശാസ്‌ത്രജ്ഞനെ വധിച്ചത്‌ വിദൂര നിയന്ത്രണത്താൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020


തെഹ്‌റാൻ
ഇറാന്റെ ആണവ പദ്ധതിയുടെ നായകനായിരുന്ന മൊഹ്‌സീൻ ഫഖ്‌റിസാദിഹിനെ ഇസ്രയേൽ വധിച്ചത്‌ വിദൂര നിയന്ത്രണ സംവിധാനത്താൽ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിച്ചാണെന്ന്‌ ഉന്നത ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫഖ്‌റിസാദിഹിന്റെ കബറടക്ക ചടങ്ങിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സഭയുടെ സെക്രട്ടറി അലി ഷംഖാനിയാണ്‌ പുതിയ കണ്ടെത്തൽ വെളിപ്പെടുത്തിയത്‌. ഇറാനിയൻ വിമതരുടെ പ്രവാസി സംഘമായ മുജാഹിദീൻ ഇ ഖൾഖിനും ഫഖ്‌റിസാദിഹ്‌ വധത്തിൽ പങ്കുണ്ടെന്ന്‌ ഷംഖാനി ആരോപിച്ചു.

ഫഖ്‌റിസാദിഹ്‌ സഞ്ചരിച്ച കാറിന്‌ സമീപം ഒരു ട്രക്കിൽ ഒളിപ്പിച്ചിരുന്ന സ്‌ഫോടകവസ്‌തുക്കൾ പൊട്ടിത്തെറിച്ചെന്നും തുടർന്ന്‌ ഒരുസംഘമാളുകൾ വെടിവയ്‌ക്കുകയായിരുന്നു എന്നുമാണ്‌ വെള്ളിയാഴ്‌ച നടന്ന കൊലപാതകം സംബന്ധിച്ച്‌ ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. സ്ഥലത്ത്‌ നിന്ന്‌ ലഭിച്ച ആയുധത്തിൽ ഇസ്രയേലി സേനാ വ്യവസായത്തിന്റെ അടയാളമുണ്ടെന്ന്‌ ഇറാൻ സർക്കാരിന്റെ ഇംഗ്ലീഷ്‌ ചാനലായ പ്രസ്‌ ടിവി റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഉപഗ്രഹത്താൽ നിയന്ത്രിക്കപ്പെട്ട ആയുധമാണ്‌ ഉപയോഗിച്ചതെന്ന്‌ സർക്കാരിന്റെ അറബിക്‌ ചാനൽ അൽ ആലമും അർധ ഔദ്യോഗിക ഫാർസ്‌ വാർത്താ ഏജൻസിയും റിപ്പോർട്ട്‌ ചെയ്‌തിരുന്നു. വളരെ സങ്കീർണമായ ആക്രമണമാണ്‌ നടത്തിയതെന്നും സ്ഥലത്ത്‌ ആരുമുണ്ടായിരുന്നില്ലെന്നും ഷംഖാനി പറഞ്ഞു.

ഫഖ്‌റിസാദിഹ്‌ നടത്തിവന്ന പ്രവർത്തനം കൂടുതൽ വേഗത്തിലും ശക്തിയിലും തുടരുമെന്ന്‌ പ്രതിരോധമന്ത്രി ജനറൽ അമീർ ഹതമി പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്‌ പുറത്ത്‌ നടന്ന ചടങ്ങുകളിൽ രഹസ്യാന്വേഷണമന്ത്രി മമൂദ്‌ അലവി, വിവിധ സേനാവിഭാഗങ്ങളുടെ നായകർ, സിവിലിയൻ ആണവ പദ്ധതി തലവൻ തുടങ്ങിയവരും പങ്കെടുത്തു. വടക്കൻ തെഹ്‌റാനിലെ ഇമാം സാദിഹ്‌ സാലിഹ്‌ പള്ളിയുടെ പിന്നിൽ കബറടക്കി.

വധത്തെ അപലപിക്കാത്ത രാജ്യങ്ങളെയും ഇത്‌ ഒരുനാൾ പിടികൂടുമെന്ന്‌ ഹതമി മുന്നറിയിപ്പ്‌ നൽകി. ഹീനമായ വധത്തെ അപലപിച്ച യുഎഇ ഇത്‌ മേഖലയിൽ വീണ്ടും സംഘർഷത്തിന്‌ ഇന്ധനം പകരുമെന്ന്‌   ആശങ്ക പ്രകടിപ്പിച്ചു. ഇസ്രയേലുമായി അടുത്തയിടെ നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ്‌ യുഎഇ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top