19 March Tuesday
ശ്രീലങ്കയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള രാജ്യമായി പാകിസ്ഥാന്‍

പണപ്പെരുപ്പം കുതിച്ചുയര്‍ന്നു ; പൊറുതിമുട്ടി പാകിസ്ഥാന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


ഇസ്ലാമാബാദ്> വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പണപ്പെരുപ്പം 37.97 ശതമാനമായി കുതിച്ചുയര്‍ന്നു. മേയില്‍ രേഖപ്പെടുത്തിയത് 1957ന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം. കടക്കെണിയില്‍ മുങ്ങിയ ശ്രീലങ്കയെ പിന്തള്ളി  ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെടുന്ന രാജ്യമായി പാകിസ്ഥാന്‍ മാറി. ഏപ്രിലിൽ ലങ്കയില്‍ പണപ്പെരുപ്പം 25.2 ശതമാനമായി കുറഞ്ഞു. പാകിസ്ഥാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. മദ്യം, പുകയില ഉൽപ്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ 123.96 ശതമാനംവരെ വില ഉയര്‍ന്നു. ഉരുളക്കിഴങ്ങ്, ഗോതമ്പ്, തേയില, മുട്ട, അരി തുടങ്ങിയവയുടെ വില റെക്കോഡിലെത്തി.

ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതക ക്ഷാമവും രൂക്ഷമായി. ഏപ്രിലിലെ 36.4 ശതമാനമായിരുന്നു ഇതിനുമുമ്പ് പാകിസ്ഥാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പണപ്പെരുപ്പം. ജൂലൈമുതൽ മെയ് വരെയുള്ള ശരാശരി പണപ്പെരുപ്പം മുൻ വർഷം 11.29 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 29.16 ശതമാനമാണ്.

വിദേശ കടം കുതിച്ചുയര്‍ന്നതും കറന്‍സി ദുര്‍ബലമായതും വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞതും പാക് സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന ഘട്ടത്തിലാണ് രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നത്. രാജ്യത്തിന്റെ മൂന്നിലൊന്നു ഭാ​ഗവും മുങ്ങിയ 2022-ലെ മഹാപ്രളയം വന്‍ പ്രതിസന്ധിയാണ് പാകിസ്ഥാനില്‍ സൃഷ്ടിച്ചത്.
ധനപ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍നിന്ന് കൂടുതല്‍ ‍വായ്പ എടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല. ചൈനയില്‍നിന്ന്‌ പാകിസ്ഥാന്‍ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top