18 December Thursday

അരിക്ക് പിന്നാലെ സവാളയ്ക്കും നിയന്ത്രണം; ആഗോള വിപണിയില്‍ ആശങ്ക

അനസ് യാസിന്‍Updated: Tuesday Aug 22, 2023

മനാമ > അരികയറ്റുമതി നിരോധനത്തിന് പിന്നലെ സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയര്‍ത്തിയ ഇന്ത്യന്‍ നടപടി ആഗോള വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക. പല ഗള്‍ഫ് രാജ്യങ്ങളിലും വിപണിയില്‍ സവാള സ്‌റ്റോക്കുണ്ടെങ്കിലും നിരോധനം രണ്ടാഴ്ചയലിലേറെ നീണ്ടാല്‍ വിലക്കയറ്റം നേരിടേണ്ടിവരും.

ആഗസ്ത് 19നാണ് ഇന്ത്യന്‍ ധനമന്ത്രാലയം സവാള കയറ്റുമതി തീരുവ 40 ശതമാനം ഉയര്‍ത്തിയത്. ആഭ്യന്തര വിപണികളിലും സവാളക്ക് ക്ഷാമം നേരിടുന്ന പാശ്ചാത്തലത്തിലാണ് കയറ്റുമതി നിയന്ത്രണ ഭാഗമായി തിരുവ ഉയര്‍ത്തിയത്.

കയറ്റുമതി നിയന്ത്രണം ബഹ്‌റൈനെ ബാധിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഇന്ത്യന്‍ സവാള വിപണിയില്‍ സ്‌റ്റോക്കുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. യമന്‍, ഈജിപ്ത്, പാകിസ്താന്‍, ചൈന, ഇറാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍നിന്നും ഗള്‍ഫില്‍ സവാള എത്തുന്നുണ്ട്. അതിനാല്‍, ഇന്ത്യന്‍ തിരുവ വര്‍ധിപ്പിക്കല്‍ സാരമായ രീതിയില്‍ ഗള്‍ഫ് വിപണിയെ ബാധിക്കില്ലെന്നും വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.

കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വന്‍ കൃഷിനാശം നേരിട്ടതാണ് സവാള ലഭ്യതയും പ്രതിസന്ധിയിലാക്കിയത്. ആഗസ്തിലാണ് ഇന്ത്യയിലെ സവാളകൃഷി വിളവെടുപ്പ്. മഴകാരണം ഈ വര്‍ഷം സവാള ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും വിളവെടുപ്പ് മോശമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബഹ്‌റൈന്‍ തുടങ്ങി 38 രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്ന് പ്രധാനമായും സവാള ഇറക്കുമതി ചെയ്യുന്നത്. ഗള്‍ഫ് വിപിണിയില്‍ ഇന്ത്യന്‍ സവാളക്ക് ആവശ്യക്കാരും ഏറെയാണ്.

ഇന്ത്യയില്‍ ആഗസ്ത് ആദ്യം മുതല്‍ ഉള്ളിയുടെ വില കുതിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്ത് ഒന്നിന് ക്വിന്റലിന് 1,370 രൂപയില്‍ നിന്ന് ഓഗസ്റ്റ് 19-ന് ക്വിന്റലിന് 2,050 രൂപയായി ഉയര്‍ന്നു. മാര്‍ച്ച്-മെയ് മാസങ്ങളില്‍ ഉള്ളികര്‍ഷകന്‍ വില തകര്‍ച്ചയും നേരിട്ടു. അന്ന് കിന്റലിന് 500 രൂപയ്ക്കും 700 രൂപയ്ക്കും ഇടയിലായിരുന്നു വില. ഉല്‍പ്പന്ന സംഭരണത്തിലെ കുറവും മഴയുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായത്.

ജൂലായ് 20ന് ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയില്‍ അരിവില വര്‍ധിച്ചു. ബസ്മതി ഒഴികെയുള്ള പോളീഷ്ഡ് ഇനത്തില്‍പ്പെട്ട വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബസുമതി അരിയുടെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയിലാണ് ഇന്ത്യയുടെ ബസുമതി ഇതര അരിയുടെ ഉപഭോക്താക്കള്‍ ഏറെയും.

പച്ചരി, ജീരകശാല, സോന മസൂരി തുടങ്ങിയവയുടെ നിരോധനം ഗള്‍ഫ് നാടുകളിലെ പ്രവാസികളെ കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. അരി ലഭ്യത ഉറപ്പ് വരുത്താന്‍ വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അരിയുടെ ഇറക്കുമതി വര്‍ധിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമം നടത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top