26 April Friday

ജി20 അധ്യക്ഷ സ്ഥാനത്ത് ഇനി ഇന്ത്യ: ഉച്ചകോടി സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022


ബാലി
ഇത്‌ യുദ്ധത്തിന്റെ കാലമല്ലെന്നും പ്രശ്‌നങ്ങളും പ്രതിസന്ധികളും ചർച്ചയിലൂടെ സമാധാനപൂർണമായി പരിഹരിക്കാനാകണമെന്നുമുള്ള ഓർമപ്പെടുത്തലോടെ ജി 20 ഉച്ചകോടിക്ക്‌ സമാപനം. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ദ്വിദിന ഉച്ചകോടി അടുത്തവർഷത്തേക്കുള്ള അധ്യക്ഷ പദവിയിലേക്ക്‌ ഇന്ത്യയെ തെരഞ്ഞെടുത്താണ്‌ ബുധനാഴ്ച സമാപിച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ഇന്തോനേഷ്യൻ പ്രസിഡന്റ്‌ ജോക്കോ വിദോദോ അധ്യക്ഷപദവി ഔപചാരികമായി കൈമാറി. എല്ലാ അംഗങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനത്തിലൂടെ കൂട്ടായ്മയെ  ലോകക്ഷേമത്തിനുള്ള ചാലകശക്തിയായി മാറ്റാനാകുമെന്ന്‌ മോദി പറഞ്ഞു. ഡിജിറ്റൽ സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാണെന്ന്‌ ഉറപ്പാക്കാനാകും ഒരുവർഷത്തെ അധ്യക്ഷകാലത്ത്‌ മുൻഗണന നൽകുക. ഡിസംബർ ഒന്നിനാണ്‌ ഇന്ത്യ അധ്യക്ഷപദവിയിൽ എത്തുക.

അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യവും തയ്യാറാകണമെന്നും യു എൻ ചാർട്ടർ പാലിക്കണമെന്നും ഉച്ചകോടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആണവായുധപ്രയോഗം ഉൾപ്പെടെയുള്ള ഭീഷണികൾ അംഗീകരിക്കാനാകില്ല. ഉക്രയ്‌ൻ യുദ്ധത്തിന്റെ അലയൊലികൾ യൂറോപ്പും കടന്ന്‌ ലോകമെങ്ങും അനുഭവപ്പെടുന്നു. യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധി, ഭക്ഷ്യ, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയിൽ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി.

ഉച്ചകോടിക്ക്‌ എത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്‌, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനാക്‌ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. സെപ്തംബർ ഒമ്പതിനും പത്തിനും ന്യൂഡൽഹിയിൽ ജി 20 നേതൃതല ഉച്ചകോടി നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top