18 April Thursday

ട്രംപിന്റെ ഭാവി ഇനി സെനറ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


വാഷിങ്‌ടൺ
വീണ്ടും അമേരിക്കയുടെ പ്രസിഡന്റാകാൻ മോഹിക്കുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭാവി ഇനി സെനറ്റ്‌ തീരുമാനിക്കും. കഴിഞ്ഞവർഷം ആദ്യ ഇംപീച്ച്‌മെന്റിൽ ഫെബ്രുവരി അഞ്ചിന്‌ സെനറ്റ്‌ ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും സാഹചര്യങ്ങൾ വളരെ മാറി. എതിർസ്ഥാനാർഥിയാകും എന്ന്‌ ഏറെക്കുറെ ഉറപ്പായിരുന്ന ജോ ബൈഡനെതിരെ അഴിമതിക്കേസെടുക്കാൻ ഉക്രെയ്‌ൻ പ്രസിഡന്റിനുമേൽ സമ്മർദം ചെലുത്തിയതിനാണ്‌ ട്രംപ്‌ ആദ്യം വിചാരണ ചെയ്യപ്പെട്ടത്‌.

അധികാരദുർവിനിയോഗം, കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ്‌ അന്ന്‌ ചുമത്തിയത്‌. എന്നാൽ, രണ്ടാം അങ്കത്തിനൊരുങ്ങുകയായിരുന്ന ട്രംപിന്‌ പിന്നിൽ അന്ന്‌ ഇരുസഭയിലെയും റിപ്പബ്ലിക്കന്മാർ ഒന്നിച്ചുനിന്നു. പ്രതിനിധിസഭയിൽ പ്രമേയം പാസായെങ്കിലും സെനറ്റിൽ റിപ്പബ്ലിക്കന്മാർ പ്രസിഡന്റിനെ രക്ഷിച്ചു. ഇത്തവണ രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണ്‌ ട്രംപ്‌ കോൺഗ്രസിന്റെ പ്രതിക്കൂട്ടിലുള്ളത്‌.

അതിനാൽ 10 റിപ്പബ്ലിക്കന്മാരും സഭയിൽ ഡെമോക്രാറ്റുകൾക്കൊപ്പം ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു. സെനറ്റിൽ പ്രമേയം പാസാകാൻ മൂന്നിൽ രണ്ട്‌ അംഗങ്ങളുടെ പിന്തുണ വേണമെങ്കിലും ചില മുതിർന്ന റിപ്പബ്ലിക്കൻ അംഗങ്ങളടക്കം ട്രംപിനെതിരെ രംഗത്തുണ്ട്‌.

നിലവിൽ സെനറ്റിലെ റിപ്പബ്ലിക്കൻ തലവനായ മിച്ച്‌ മക്കോണൽ നിലപാട്‌ തീരുമാനിച്ചിട്ടില്ല. അദ്ദേഹം പ്രമേയത്തെ അനുകൂലിച്ചാൽ മറ്റ്‌ നിരവധി റിപ്പബ്ലിക്കന്മാരും അനുകൂലിക്കും എന്നാണ്‌ റിപ്പോർട്ട്‌. പ്രമേയം സെനറ്റിലും പാസായാൽ ട്രംപ്‌ ഭാവിയിൽ അധികാരസ്ഥാനം വഹിക്കുന്നത്‌ തടയാൻ വീണ്ടും വോട്ടെടുപ്പ്‌ ഉണ്ടാകും. അത്‌ പാസാകാൻ കേവല ഭൂരിപക്ഷം മതി. ട്രംപിൽനിന്ന്‌ പാർടിയെ രക്ഷിക്കാൻ ഇംപീച്ച്‌മെന്റ്‌ ആവശ്യമാണെന്ന്‌ ചില റിപ്പബ്ലിക്കൻ നേതാക്കൾ കരുതുന്നതിനാൽ ട്രംപ്‌ സ്ഥാനം ഒഴിഞ്ഞാലും പ്രമേയം പാസാക്കിയേക്കും.

മറ്റ്‌ നിർണായക വിഷയങ്ങളിലെ തിരക്കിനിടയിലും സെനറ്റ്‌ ഇംപീച്ച്‌മെന്റ്‌ പ്രമേയം ചർച്ച ചെയ്യുമെന്ന്‌ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്‌. ആൻഡ്രു ജോൺസന്റെ വിചാരണയ്‌ക്ക്‌ 83 ദിവസമാണ്‌ സെനറ്റിൽ ചർച്ച നടന്നത്‌. ബിൽ ക്ലിന്റന്റെ കേസിൽ 37 ദിവസവും ട്രംപിന്റെ ആദ്യ ഇംപീച്ച്‌മെന്റിൽ 21 ദിവസവും ചർച്ച നടന്നു.
ഇതിനിടെ കഴിഞ്ഞ ആറിന്‌ യുഎസ്‌ കോൺഗ്രസിലുണ്ടായ അക്രമത്തെ അപലപിച്ച്‌ ട്രംപ്‌ വീഡിയോ പുറത്തുവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top