29 March Friday
സ്‌പീക്കർ അനുമതി നൽകി; തിങ്കളാഴ്‌ച പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിക്കും

കലാപത്തിന്‌ പ്രേരിപ്പിച്ചു ; ട്രംപിന് വീണ്ടും ഇംപീച്ച്മെന്റ് ; പടിയിറക്കം നാണക്കേടിന്റെ റെക്കോഡുമായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


വാഷിങ്‌ടൺ
അമേരിക്കന്‍ പ്രസിഡന്റ്‌ കസേരയിൽ 11 ദിവസംമാത്രം ശേഷിക്കെ‌‌ ഡോണൾഡ്ട്രംപിനെതിരെ ഇംപീച്ച്‌‌മെന്റ് നടപടി വരുന്നു. ക്യാപിറ്റോൾ കെട്ടിടം ആക്രമിക്കാന്‍ ശിങ്കിടികളെ ഇളക്കിവിട്ട‌ ട്രംപിനെ ഇംപീച്ച്‌‌ ചെയ്യാന്‍ യുഎസ് കോണ്‍​ഗ്രസ് നടപടി ആരംഭിച്ചു. പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്‍കി. ട്രംപ് രാജിവച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ട്രംപിനെ ഭരണഘടനയുടെ 25–ാം ഭേദഗതി പ്രയോഗിച്ചു നീക്കം ചെയ്യണമെന്ന  പെലോസിയുടെ ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണ്‌ ഇംപീച്ച്‌മെന്റ്‌ നടപടി ആരംഭിച്ചത്‌. കലാപത്തിന്‌ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി തിങ്കളാഴ്‌ച പ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർടി പ്രമേയം അവതരിപ്പിക്കും. ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷമുള്ള പ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാക്കും. 

എന്നാൽ, നിലവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ പുതിയ സെനറ്റില്‍  മൂന്നിൽ രണ്ട്‌ പേരുടെ പിന്തുണ ലഭിച്ചാലേ ട്രംപിനെ നീക്കാനാകൂ. ഡെമോക്രാറ്റുകളായ 160 പേർ ഇതിനകം പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ട്‌.  ഇത് രണ്ടാം തവണയാണ്‌ ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്. പ്രതിനിധിസഭ ഇംപീച്ച്‌മെന്റ്‌ ചെയ്തശേഷം മാത്രമേ  സെനറ്റിൽ വിചാരണ നടപടി ആരംഭിക്കൂ. കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാൽ മുൻ പ്രസിഡന്റുമാർക്കുള്ള ആനുകൂല്യങ്ങൾ ട്രംപിന് നഷ്ടപ്പെടും. ഇനി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതിന്‌ തടയിടാനും കഴിയും.

പടിയിറക്കം നാണക്കേടിന്റെ റെക്കോഡുമായി
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു പ്രസിഡന്റ്‌ രണ്ടു തവണ ഇംപീച്ച്‌മെന്റിനു വിധേയനാകുന്നത്‌. ട്രംപിനു മുമ്പ്‌ മൂന്നു പേർക്കെതിരെ മാത്രമാണ് ഇംപീച്ച്മെന്റ് നടപടിയുണ്ടായത്.  1868ൽ ആൻഡ്രു ജോൺസൺ, 1999ൽ ബിൽ ക്ലിന്റൺ എന്നിവർ. 1974ൽ ഇംപ്ലീച്ച്‌മെന്റ്‌ നേരിടാതെ റിച്ചാഡ്‌ നിക്‌സൺ രാജിവച്ചു.

2019ല്‍ അധികാരദുർവിനിയോഗം ആരോപിച്ചായിരുന്നു ഇംപീച്ച്‌മെന്റ്‌. പ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് റിപ്പബ്ലിക്കന്മാർക്ക്‌ ഭൂരിപക്ഷമുള്ള സെനറ്റ് അത് തള്ളി. നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ ഉക്രൈയിൻ പ്രസിഡന്റിന്റെ സഹായം തേടിയ കുറ്റത്തിനായിരുന്നു നടപടി‌.

ഇംപീച്ച്‌മെന്റ്‌
പ്രസിഡന്റ് അടക്കമുള്ള ഉന്നതഭരണാധികാരികള്‍, ജഡ്ജിമാര്‍ തുടങ്ങി ഭരണഘടനാപദവി വഹിക്കുന്നവരെ വിചാരണചെയ്യാന്‍ പാർലമെന്റ് സ്വീകരിക്കുന്ന നടപടിയാണ്‌ ഇംപീച്ച്‌മെന്റ്‌. കുറ്റാരോപണങ്ങള്‍ സഭ പ്രമേയമായി അവതരിപ്പിക്കും. സഭ പാസാക്കിയാല്‍ നടപടി സെനറ്റിലേക്ക് നീളും. ശിക്ഷിക്കണോ വേണ്ടയോ എന്ന് സെനറ്റാണ്‌ തീരുമാനിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top