20 April Saturday
ഒന്നിലധികം അവയവങ്ങളെ നിർജീവമാക്കി ശ്വാസകോശത്തെ പ്രവർത്തന രഹിതമാക്കുന്നു

കോവിഡ്‌ ഇങ്ങനെയാണ്‌ കൊലയാളിയാകുന്നത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ബീജിങ്‌
കോവിഡ്‌ എങ്ങനെയാണ്‌ രോഗിയെ കൊല്ലുന്നത്‌ എന്ന്‌ കണ്ടെത്തിയതായി ശാസ്‌ത്രജ്ഞർ. വൈറസിന്റെ പ്രവർത്തന രീതി, ലക്ഷണങ്ങൾ, രോഗനിർണയം എന്നിവ മനസിലാക്കിയതായാണ്‌ അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകർത്താണ്‌ ഈ വൈറസ്‌‌ രോഗിയെ കൊല്ലുന്നത്‌. ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്‌ ഈ വിവരമുള്ളത്‌.

എങ്ങനെയാണ്‌ വൈറസ്‌ വായുവിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നത്‌,  കോശങ്ങളിൽ പെരുകുന്നത്,‌ പ്രതിരോധ സംവിധാനത്തെ തകർക്കുന്നത്,‌ കഠിനമായ സന്ദർഭങ്ങളിൽ രോഗപ്രതിരോധ സംവിധാനത്തെ”സൈറ്റോകൈൻ കൊടുങ്കാറ്റ്‌‘ ആയി അമിതമായി ചൂഷണം ചെയ്യുന്നത്‌ എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.  ഈ ‘കൊടുങ്കാറ്റ്’ ശ്വേത രക്താണുക്കളെ അമിതമായി സജീവമാക്കും. അത്‌‌‌ ശരീരത്തിൽ കൂടുതൽ സൈറ്റോകൈനുകൾ (കോശങ്ങൾക്കിടയിൽ സന്ദേശവാഹകരായി വർത്തിക്കുന്ന മാംസ്യകുടുംബത്തിലെ, വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുകൂട്ടം തന്മാത്രകൾ) ഉണ്ടാക്കുന്നു. 

സാർസ്‌, മെർസ്‌ രോഗബാധയ്ക്ക് ശേഷം കാണുന്നതിനു സമാനമായ കടുത്ത സൈറ്റോകൈൻ കൊടുങ്കാറ്റ്‌ ലക്ഷണങ്ങൾ കോവിഡ്‌ ബാധിതരിലും ഉണ്ടാകുന്നതായി ചൈനയിലെ സുന്യായി മെഡിക്കൽ സർവകലാശാലയിലെ പ്രൊഫസർ ഡൈഷുൻ ലിയു പറഞ്ഞു.അതിവേഗം ഇരട്ടിക്കുന്ന സൈറ്റോകൈനുകൾ രോഗപ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകൾ, ന്യൂട്രോഫിൽസ് തുടങ്ങിയവയെ ആകർഷിക്കുന്നു. ഈ കോശങ്ങൾ ശ്വാസകോശകലകളിലേക്ക് നുഴഞ്ഞുകയറി ശ്വാസകോശത്തെ മുറിപ്പെടുത്തുന്നു–- ലിയു പറഞ്ഞു.

പനി, രക്തക്കുഴലുകളുടെ അമിതമായ ചോർച്ച, രക്തം കട്ടപിടിക്കൽ എന്നിവയ്ക്ക്  സൈറ്റോകൈൻ കൊടുങ്കാറ്റ്‌ കാരണമാകുന്നു.  രക്തസമ്മർദ്ദം കുറയൽ, ഓക്സിജന്റെ അഭാവം, രക്തത്തിൽ അമിത അസിഡിറ്റി, ശ്വാസകോശത്തിലെ ദ്രാവകങ്ങളുടെ വർധന എന്നിവയ്ക്കും കാരണമാകുന്നു. ഇത് ശ്വാസകോശം, ഹൃദയം, കരൾ, കുടൽ, വൃക്ക, ജനനേന്ദ്രിയം എന്നിവയുടെപ്രവർത്തനത്തെ നിർജീവമാക്കുന്നു. ഇങ്ങനെ ശ്വാസകോശം പ്രവർത്തന രഹിതമാകുന്ന അവസ്ഥയാണ്‌ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം‌. ശ്വാസകോശ സംബന്ധമായ തകരാറുകൾ മൂലമാണ്‌ കോവിഡ്‌ മൂലമുള്ള മിക്ക മരണങ്ങളും‌. കോവിഡ്‌ കുടലിനെയും ബാധിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top