24 April Wednesday

ബൊറീക്, പോരാട്ടത്തിന്റെ പേര്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

videograbbed image


സാന്തിയാ​ഗോ
തീവ്ര വലതുപക്ഷ പ്രസിഡന്റുമാരുടെ ഭരണത്തിനു കീഴില്‍ അഴിമതിയിലും അസമത്വത്തിലും മുങ്ങിനിന്ന രാജ്യത്തിന്റെ മോചനത്തിനായുള്ള ചിലിയന്‍ ജനതയുടെ പ്രതിരോധവും ഇടതുപക്ഷത്തിന്റെ ജനകീയ പോരാട്ടങ്ങളുടെ ഫലപ്രാപ്തിയുമാണ് ​ഗബ്രിയേല്‍ ബൊറീക്കിന്റെ വിജയം.

സൗജന്യ സർവകലാശാലാ വിദ്യാഭ്യാസം ആവശ്യപ്പെട്ട് 2011ല്‍ ക്യാമ്പസുകൾ സ്തംഭിപ്പിച്ച് വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു 25വയസ്സുള്ള ബൊറീക്. പിന്നാലെ അദ്ദേഹം രണ്ടുതവണ കോണ്‍​ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

2019ലും 2020ലും അഴിമതിക്കും അസമത്വത്തിനും എതിരെ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ നേതൃത്വത്തിലും ബൊറീക് ഉണ്ടായിരുന്നു. പൊതു​ഗതാ​ഗത നിരക്ക് വർധനയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം ക്രമേണ വളര്‍ന്ന് രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥയെക്കാതിരായ പോരാട്ടമായി.യുഎൻ കണക്കുപ്രകാരം രാജ്യത്തിന്റെ 25 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകൾമാത്രം കൈയടക്കിവച്ച രാജ്യമാണ്‌ ചിലി.  ഈ അസമത്വം തകര്‍ക്കുമെന്ന് ബൊറീക് പ്രഖ്യാപിച്ചു.  ലിം​ഗസമത്വം കൈവരിക്കുന്നതിനും സാമ്പത്തിക അസമത്വം അവസാനിപ്പിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്തുമെന്ന്  ഉറപ്പ് നല്‍കി.

ഇടതുപക്ഷത്തെ അട്ടിമറിച്ച് അധികാരത്തില്‍ പ്രവേശിച്ച സ്വേച്ഛാധിപതി അ​ഗസ്റ്റോ പിനോഷെയെ അനുകൂലിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ച തീവ്രവലതുപക്ഷപാതിയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി ഹൊസെ അന്റോണിയോ കാസ്റ്റ്. സ്ത്രീകളോടും ഭിന്നലിം​ഗക്കാരോടും ​ഗര്‍ഭഛിദ്ര അവകാശങ്ങളോടും വൈരാ​ഗ്യം പുലര്‍ത്തിയ കാസ്റ്റ് ഡോണൾഡ് ട്രംപിനോടും ജെയർ ബോൾസോനാരോയോടും ഉപമിക്കപ്പെട്ടു. അനിവാര്യമായ തിരിച്ചടി ചിലിയന്‍ ജനത രണ്ടാംഘട്ട വോട്ടെടുപ്പില്‍ കാസ്റ്റിന്  സമ്മാനിച്ചു.

ഭരണഘടന മാറും
അ​ഗസ്റ്റോ പിനോഷെയുടെ സൈനിക ഏകാധിപത്യം അടിച്ചേല്‍പ്പിച്ച ഭരണഘടന പൊളിച്ചെഴുതുന്നതിനുള്ള നീക്കം ചിലിയില്‍ പുരോ​ഗമിക്കുന്നതിനിടെയാണ് ഇടത് പ്രസിഡന്റ് രാജ്യത്ത് അധികാരത്തിലെത്തുന്നത്. പുരോ​ഗമനപരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടനയ്‌ക്കായുള്ള ജനാഭിലാഷമാണ് തെരഞ്ഞെടുപ്പില്‍ വ്യക്തമായത്. 

1973 സെപ്‌തംബർ 11നാണ് അമേരിക്കന്‍ പിന്തുണയോടെ പിനോഷെയുടെ വലതുപക്ഷപട്ടാളം അലൻഡെയെ പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ഇതിനുശേഷം കടുത്ത മുതലാളിത്ത നയങ്ങളുടെ പരീക്ഷണഭൂമിയാക്കി ചിലി മാറ്റപ്പെട്ടു. ലാറ്റിനമേരിക്കയിൽ ആദ്യമായി നവ ഉദാരവൽക്കരണനയങ്ങളെ പുൽകിയ രാജ്യമാണ് ചിലി. 1990ല്‍ മരണംവരെ അധികാരത്തിലിരുന്ന പിനോഷെയുടെ  ഭരണകാലത്ത് ചിലിയില്‍ മൂവായിരത്തിലധികം പേര്‍ ഭരണകൂടത്താല്‍ വധിക്കപ്പെടുകയോ കാണാതാവുകയോ ചെയ്‌തെന്നാണ് കണക്ക്‌. ‍

പട്ടാളം അതിരുവിട്ട അധികാരം കൈയ്യാളുന്നു. 2019ല്‍ പൊതു​ഗതാ​ഗത നിരക്ക് വർധനയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം പുതിയ ഭരണഘടനയ്ക്കുള്ള ആവശ്യമായി ഉയര്‍ന്നുവരികയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top