23 April Tuesday

ഉക്രയ്‌നെ ആയുധമണിയിക്കാന്‍ ജി 7 ; സഹായം തേടി വ്‌ലോദിമിർ സെലൻസ്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


എൽമൗ
ഉക്രയ്‌നിലെ റഷ്യന്‍ സൈനിക നടപടിക്ക് വർഷാവസാനത്തോടെ അന്ത്യം കാണാൻ ജി 7 രാഷ്ട്രങ്ങളുടെ സഹായം തേടി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി. ജർമനിയിലെ ബവേറിയൻ ആൽപ്സിൽ ത്രിദിന ഉച്ചകോടി ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശൈത്യകാലം പിന്നിട്ടാൽ യുദ്ധം അനന്തമായി നീളാനിടയുണ്ടെന്നും റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.

ഉക്രയ്‌ൻ പ്രശ്‌നപരിഹാരത്തിന്‌ ചർച്ചയിലൂടെ ശ്രമിക്കുന്നതിനൊപ്പം ഉക്രയ്‌ന്‌ കൂടുതൽ ആയുധങ്ങളും നൽകുമെന്ന്‌ ജി 7 നേതാക്കളും വ്യക്തമാക്കി. ആവശ്യമായത്രയും കാലം ഉപരോധം ഏർപ്പെടുത്തി റഷ്യയെ സമ്മർദത്തിലാക്കും. വിവിധ രാജ്യങ്ങളിലെ റഷ്യൻ നിക്ഷേപം  ഉക്രയ്‌നെ പുനർനിർമിക്കാൻ ഉപയോഗിക്കാനും ഉച്ചകോടി തീരുമാനിച്ചു. അവികസിത രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ ചൈന 2013ൽ പ്രഖ്യാപിച്ച ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ സംരംഭത്തിന് ബദല്‍ പദ്ധതിയൊരുക്കാനും ധാരണയായി. ഇതിനായി അഞ്ചുവർഷത്തിനുള്ളിൽ 60,000 കോടി ഡോളർ (ഏകദേശം 4.70 ലക്ഷം കോടി രൂപ) സമാഹരിക്കും. കാലാവസ്ഥാ വ്യതിയാനം, ഊർജം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി.

കൂടിക്കാഴ്ച നടത്തി മോദി
ജി 7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രസിഡന്റ്‌ ജസ്‌റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നേതാക്കൾക്കൊപ്പം ഗ്രൂപ്പ്‌ ഫോട്ടോയും എടുത്തു. ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ റമഫോസ, ഇൻഡോനേഷ്യൻ പ്രസിഡന്റ്‌ ജോകോ വിഡോഡൊ, യൂറോപ്യൻ യൂണിയൻ കമിഷൻ ഊർസുല വോൺ ഡെർ ലെയ്‌ൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top