28 March Thursday

ഫ്രഞ്ച്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ : ഇഞ്ചോടിഞ്ച്‌ പോരാടി ഇടതുപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022


പാരിസ്‌
ഫ്രഞ്ച്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ഒന്നാം വട്ട വോട്ടെടുപ്പിൽ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ നയിക്കുന്ന മധ്യമുന്നണി എൻസെംബിളിന്‌ കനത്ത വെല്ലുവിളി ഉയർത്തി ഇടതുപക്ഷ മുന്നണി. ഭരണമുന്നണി 25.75 ശതമാനം വോട്ട്‌ നേടിയപ്പോൾ ഴാൻ ലൂക്‌ മെലാന്‍ഷോ നയിക്കുന്ന ഇടതുപക്ഷ മുന്നണി ന്യൂപ്‌സ്‌ 25.66 ശതമാനം വോട്ട്‌ കരസ്ഥമാക്കി. 21,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്ന്‌ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന പ്രതിപക്ഷമാകുമെന്ന്‌ മാധ്യമങ്ങൾ പ്രചരിപ്പിച്ച മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാർടി നാഷണൽ പാർടിക്ക്‌ 18.68 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌.
ഞായറാഴ്ചത്തെ വൊട്ടെടുപ്പിൽ 52.49 ശതമാനം പേർ മാത്രമാണ്‌ സമ്മതിദാനാവകാശം വിനിയോഗിച്ചത്‌. ന്യൂപ്‌സിന്റെ നാലും എൻസെംബിളിന്റെ ഒന്നും സ്ഥാനാർഥികൾ മാത്രമാണ്‌ ഒന്നാംവട്ട വോട്ടെടുപ്പിൽ വിജയം ഉറപ്പിച്ചത്‌. വടക്കൻ കാൽവഡോസ്‌ മേഖലയിൽ മത്സരിച്ച പ്രധാനമന്ത്രി എലിസബത്ത്‌ ബോൺ ഉൾപ്പെടെയുള്ളവർക്ക്‌ ഇടതു സ്ഥാനാർഥികൾ കനത്ത വെല്ലുവിളി ഉയർത്തി.
പത്തൊമ്പതിന്‌ രണ്ടാംഘട്ട വോട്ടെടുപ്പ്‌. 577 അംഗ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷത്തിന്‌ 289 സീറ്റ്‌ നേടണം. രണ്ടാം ഘട്ട വോട്ടെടുപ്പ്‌ പൂർത്തിയാകുന്നതോടെ എൻസെംബിൾ 225–- 295 സീറ്റും ഇടതുപക്ഷം 150–- 190 സീറ്റും നേടുമെന്നാണ്‌ സർവേകൾ പ്രവചിച്ചിരിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top