20 April Saturday

ഓസ്‌ട്രേലിയ ഇയു കരാർ തടഞ്ഞ്‌ ഫ്രാൻസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


ബ്രസ്സൽസ്‌
വാക്കുപാലിക്കാത്ത ഓസ്‌ട്രേലിയയുമായുള്ള വ്യാപാര കരാർ ചർച്ചകൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന്‌ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട്‌ ഫ്രാൻസ്‌. പുതിയ ചൈനാവിരുദ്ധ സംഖ്യത്തിന്റെ ഭാഗമായി അമേരിക്കയിൽനിന്ന്‌ ആണവ അന്തർവാഹിനികൾ ലഭിക്കുമെന്ന്‌ ഉറപ്പായപ്പോൾ ഫ്രാൻസിൽനിന്ന്‌ ഡീസൽ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിൽനിന്ന്‌ ഓസ്‌ട്രേലിയ പിന്മാറിയിരുന്നു. ഇത്‌ വിശ്വാസവഞ്ചനയാണ്‌. സ്വന്തം താൽപ്പര്യത്തിനായി ഇത്തരം നിലപാട്‌ സ്വീകരിക്കുന്നവരുമായി ചർച്ച വേണമോയെന്നാണ്‌ ഫ്രാൻസിന്റെ ചോദ്യം.

ബ്രസ്സൽസിൽ ഇയു രാജ്യങ്ങളിലെ മന്ത്രിമാരുമായുള്ള യോഗത്തിൽ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവ രൂപീകരിച്ച പുതിയ സഖ്യവും അതുയർത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്ന്‌ ഫ്രാൻസ്‌ യൂറോപ്പ്‌ കാര്യ മന്ത്രി ക്ലെമന്റ്‌ ബ്യൂൺ പറഞ്ഞു. അടുത്ത മാസം നടക്കുന്ന ഇയു ഉച്ചകോടിയിലും  വിഷയം ചർച്ച ചെയ്യുന്നെന്ന്‌ ഉറപ്പാക്കും. ഓസ്‌ട്രേലിയ–-ഇയു സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുന്നത്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

ഒമ്പതിനായിരം കോടി ഡോളർ മതിക്കുന്ന അന്തർവാഹിനി കരാറിൽനിന്ന്‌ ഓസ്‌ട്രേലിയ മുന്നറിയിപ്പില്ലാതെ പിന്മാറിയത്‌ യൂറോപ്യൻ താൽപ്പര്യത്തിനുമേലുള്ള ആക്രമണമാണെന്ന്‌ അന്താരാഷ്ട്ര വ്യാപാരത്തിലെ യൂറോപ്യൻ പാർലമെന്റ്‌ കമ്മിറ്റി അംഗം ബെർണ്ട്‌ ലാങ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top