01 December Friday

നൈജറില്‍ നിന്ന് അംബാസഡറെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

നൈയാമെ> അട്ടിമറിയിലൂടെ സൈന്യം ഭരണം ഏറ്റെടുത്ത നൈജറില്‍ നിന്ന് അംബാസഡറെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്.നൈജറില്‍ തുടരുന്ന 1,500-ഓളം ഫ്രഞ്ച് സൈനികരെ വരുംമാസങ്ങളില്‍ പിന്‍വലിക്കുമെന്നും പ്രസിഡന്റ്  ഫ്രാന്‍സിസ് മാക്രോണ്‍ അറിയിച്ചു

 ഫ്രഞ്ച് അംബാസഡറും നയതന്ത്ര ഉദ്യോഗസ്ഥരും നൈജറില്‍ നിന്ന് മടങ്ങുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. തിങ്കളാഴ്ചയോടെ ഈ നീക്കം പൂര്‍ത്തിയാക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ നൈജറിലെ എംബസി പൂര്‍ണമായി അടച്ചുപൂട്ടി നയതന്ത്രബന്ധം വിച്ഛേദിക്കുമോയെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടില്ല.

പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജൂലൈ 26-ന് ആണ് സൈന്യം നൈജറില്‍ ഭരണം ഏറ്റെടുത്തത്. മുന്‍ ഫ്രഞ്ച് കോളനിയായിരുന്ന നൈജറില്‍ നിന്ന് ഫ്രാന്‍സിന്റെ സാന്നിധ്യം തുടച്ചുനീക്കണമെന്നാണ് സൈന്യം ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാനനഗരിയായ നൈയാമെയിലെ ഫ്രഞ്ച് എംബസിക്ക് മുമ്പില്‍ പട്ടാള അനുകൂലികള്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന മുഹമ്മദ് ബസൂമിനെയാണ് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ അറസ്റ്റ് ചെയ്തത്. സൈന്യം ഈ നീക്കത്തെ എതിര്‍ക്കുമെന്ന് പാശ്ചാത്യമാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചുവെങ്കിലും അതുണ്ടായില്ല.


ഫ്രാന്‍സിന്റെ കോളനിയായിരുന്നു സഹേല്‍ മേഖലയിലെ പ്രമുഖ രാഷ്ട്രമായ നൈജര്‍. ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സമ്പൂര്‍ണ പരമാധികാരം കൈയാളാന്‍ നൈജറിലെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. മുന്‍ കോളനി മേധാവിയും പാശ്ചാത്യശക്തികളായ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റും അവരുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി നൈജറിനെപ്പോലുള്ള മുന്‍ കോളനികളെ സമര്‍ഥമായി ഉപയോഗിക്കുന്നത് തുടര്‍ന്നു.

ധാതുലവണങ്ങള്‍ ഖനനം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ചൂഷണം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും നിര്‍ബാധം തുടര്‍ന്നു. നൈജര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രകൃതി, ധാതു സമ്പത്ത് തന്നെയാണ് സാമ്രാജ്യത്വ ശക്തികളെ പ്രധാനമായും അവിടെ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top