21 March Tuesday

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023


ഇസ്ലാമാബാദ്‌
പാകിസ്ഥാനെ ​ഗുരുതര രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതില്‍ മുഖ്യപങ്കുള്ള മുന്‍ പ്രസിഡ‍ന്റും സൈനിക ഏകാധിപതിയുമായ ജനറൽ പർവേസ്‌ മുഷാറഫ്‌ (79) അന്തരിച്ചു. നൂറുകണക്കിന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്ന കാർഗിൽ യുദ്ധത്തിന്റെ മുഖ്യ ശിൽപ്പിയായ മുഷാറഫ്‌ ജന്മനാട്ടിലെ നിയമനടപടികളെ അതിജീവിക്കാന്‍ ഏഴുവര്‍ഷമായി ദുബായില്‍ പലായനജീവിതം നയിക്കുകയായിരുന്നു. പാകിസ്ഥാനില്‍ വധശിക്ഷ വിധിക്കപ്പെട്ട ആദ്യ മുന്‍പ്രസിഡന്റാണ്. ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ശരീരത്തില്‍ അമിതമായി മാംസ്യം ഉൽപ്പാദിപ്പിക്കപ്പെടുന്ന "അമിലോയ്‌ഡോസിസ്' എന്ന രോ​ഗബാധിതനായിരുന്നു.

ഡല്‍ഹിയില്‍ 1943 ആഗസ്ത്‌ 11ന്‌ ജനിച്ച മുഷാറഫ്‌ വിഭജനകാലത്താണ് കുടുംബത്തിനൊപ്പം കറാച്ചിയിൽ എത്തിയത്‌. ക്വെറ്റ ആർമി സ്റ്റാഫ്‌ കോളേജിൽ പഠനം. 1964ൽ പാക്‌ പട്ടാളത്തിൽ ചേർന്നു. 1965ലെയും 1971ലെയും ഇന്ത്യ–- പാക് യുദ്ധത്തിൽ പങ്കാളിയായി. 1998ൽ പ്രധാനമന്ത്രി നവാസ് ഷെരീഫ്‌ ഇദ്ദേഹത്തെ പാക്‌ സൈനികമേധാവിയാക്കി. മുഷാറഫാണ് കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നല്‍കിയത്

1999-ല്‍ സൈനിക അട്ടിമറിയിലൂടെ പ്രധാനമന്ത്രി നവാസ് ഷെരീഫില്‍നിന്ന് അധികാരം പിടിച്ചെടുത്ത മുഷാറഫ് 2001ല്‍ സ്വയം പ്രസിഡന്റായി അവരോധിക്കുകയും 2008 വരെ സ്ഥാനത്ത് തുടരുകയും ചെയ്‌തു. 2007 നവംബറില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടന റദ്ദാക്കുകയും ചീഫ് ജസ്റ്റിസിനെ മാറ്റുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ മുഷാറഫ് തോറ്റു. 2008ൽ ഇംപീച്ച്‌മെന്റ്‌ ഒഴിവാക്കാനായി രാജിവച്ചു. തുടര്‍ന്ന് ലണ്ടനില്‍ പ്രവാസജീവിതം. 2013-ല്‍ പാകിസ്ഥാനില്‍ തിരിച്ചെത്തി. സുപ്രീംകോടതി യാത്രാവിലക്ക് നീക്കിയപ്പോള്‍ 20-16ല്‍ ദുബായില്‍ അഭയംതേടി. 2019-ല്‍ രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് വിധി അസാധുവായി.

അമേരിക്കയില്‍  2001 സെപ്തംബര്‍ 11ന്‌ ലോകവ്യാപാരകേന്ദ്രം ആക്രമിക്കപ്പെട്ടതോടെ മുഷാറഫ് അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി മാറി. 2003ല്‍മാത്രം മൂന്നു തവണ മുഷാറഫിനെതിരെ വധശ്രമമുണ്ടായി. നാലുവട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. സെഹ്‌ബയാണ്‌ ഭാര്യ. മകനും മകളുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top