24 April Wednesday

അമേരിക്ക വീണ്ടും കലാപഭീതിയിൽ ; എഫ്‌ബിഐ മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


വാഷിങ്‌ടൺ
ജോ ബൈഡൻ 20ന്‌ അമേരിക്കയുടെ നാൽപത്താറാം പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും സായുധ പ്രതിഷേധത്തിന്‌ ട്രംപനുകൂലികളുടെ നീക്കം. ഇത്‌ സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ബിഐ നൽകിയ മുന്നറിയിപ്പ്‌ രാജ്യത്തെ വീണ്ടും കലാപഭീതിയിൽ ആഴ്‌ത്തിയിരിക്കുകയാണ്‌. 

ഒരു സൈനിക നഗരം എന്ന്‌ തോന്നിപ്പിക്കുന്ന തരത്തിൽ തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിൽ 6000 നാഷണൽ ഗാർഡ്‌സ്‌ സേനാംഗങ്ങളെ വിന്യസിച്ചുകഴിഞ്ഞു.വിവിധ തീവ്ര വലതുപക്ഷ സംഘങ്ങൾ 16 മുതൽ 20 വരെയാണ്‌ പ്രതിഷേധത്തിന്‌ ആഹ്വാനം നൽകിയിരിക്കുന്നത്‌.17ന്‌ രാജ്യത്തെങ്ങും നിയമനിർമാണ സഭകളിലേക്ക്‌ സായുധ പ്രതിഷേധത്തിന്‌ ഒരു സംഘം ആഹ്വാനം ചെയ്‌തതായി ഓൺലൈനിലെ തീവ്രവലതുപക്ഷ ഭീഷണികൾ നിരീഷിക്കുന്ന സൈറ്റ്‌ ഇന്റലിജൻസ്‌ ഗ്രൂപ്‌ അറിയിച്ചു. സ്വന്തമായി ആയുധവുമായി വരാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. മറ്റ്‌ ചില സംഘങ്ങൾ 20ന്‌ ‘മില്യൻ മിലിഷ്യാ മാർച്ച്‌’ (10 ലക്ഷം പേരുടെ സായുധ പ്രകടനം) ആഹ്വാനം ചെയ്‌തു.

ബൈഡൻ അധികാരമേൽക്കുന്നതിന്‌ മുമ്പ്‌ ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കിയാൽ 20ന്‌ സംസ്ഥാന, പ്രാദേശിക ഭരണകേന്ദ്രങ്ങളിലും കോടതികളിലും ഇരച്ചുകയറാൻ ഒരു സംഘം ആഹ്വാനം ചെയ്‌തതായി എട്ടിന്‌ എഫ്‌ബിഐയ്‌ക്ക്‌ വിവരം ലഭിച്ചു.

ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നത്‌ തടയാൻ കൂടി ലക്ഷ്യമിട്ടാണ്‌ നീക്കം എന്നാണ്‌ സൂചന. ഇംപീച്ച്‌മെന്റ്‌ പ്രമേയം തിങ്കളാഴ്‌ച പ്രതിനിധിസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ബുധനാഴ്‌ച വോട്ടെടുപ്പ്‌ നടക്കും.ബൈഡനും നിയുക്ത വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിനും പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പൊലോസിക്കുമെതിരെയുള്ള ഭീഷണികളും എഫ്‌ബിഐ വിലയിരുത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top