20 April Saturday

എക്‌സ്‌പോ 2020ക്ക്‌ തിരിതെളിഞ്ഞു; ദുബായിയിൽ ഇനി ഉത്സവദിനങ്ങൾ

കെ എൽ ഗോപിUpdated: Friday Oct 1, 2021

ദുബായ്‌ > സഹിഷ്‌ണുതയുടെയും സാധ്യതകളുടെയും നാട്ടിലേക്ക് ലോകത്തെ സ്വാഗതം ചെയ്‌ത് എക്‌സ്‌പോ 2020 ദുബായിൽ ആരംഭിച്ചു. വർണാഭമായ പരിപാടികളോടെ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പങ്കെടുത്തു. ലോകത്തിന്റെ മികച്ച ഭാവി സ്വപ്‌നം കാണുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയിൽ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓരോ രാജ്യങ്ങൾക്കും പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്‌. ‘മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്‌ടിക്കുക’ എന്ന പ്രമേയത്തിലൂന്നിയുള്ള ലോകമേള സുസ്ഥിരത, ചലനാത്മകത, അവസരങ്ങൾ എന്നീ മൂന്ന് തത്വങ്ങൾ കേന്ദ്രീകരിച്ചുള്ളതാണ്.

എക്‌സ്‌പോ 2020 ദുബായിയുടെ താരനിബിഡമായ ഉദ്ഘാടന ചടങ്ങ് യുഎഇയിലുടനീളം 430 ൽ അധികം കേന്ദ്രങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്‌തു. ഗോൾഡൻ ഗ്ലോബ് ജേതാവും നടിയും ഗായികയും ഗാനരചയിതാവുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എല്ലി ഗോൾഡിങ്‌, അന്താരാഷ്‌ട്ര പിയാനിസ്റ്റ് ലാങ് ലാംഗ്, ഗ്രാമി അവാർഡ്‌ ജേതാവായ ആഞ്ചലിക് കിഡ്ജോ, ടെനോർ ആൻഡ്രിയ ബോസെല്ലി എന്നിവരുടെ കലാപരിപാടികൾ ഉദ്‌ഘാടന ചടങ്ങുകൾക്ക്‌ മാറ്റുകൂട്ടി. ദുബായ് ഫെസ്റ്റിവൽ സിറ്റി, ഫ്രെയിം, ദി പോയിന്റ്, പാം ജുമൈറ എന്നിവിടങ്ങളിൽ കരിമരുന്നു പ്രയോഗവും നടന്നു.

2021 ഒക്‌ടോബർ മുതൽ 2022 മാർച്ച് വരെയുള്ള ആറ്‌ മാസം നടക്കുന്ന മേളയിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. എക്‌സ്‌പോ‌ 2020 ടിക്കറ്റുകൾ ഓൺലൈനായും പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ബൂത്തുകൾ വഴിയും സ്വന്തമാക്കാം.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top