15 April Monday
ഭയന്നുവിറച്ച് 
ഗാസിയാന്റെപ്


ദുരിതബാധിതര്‍ 
1.35 കോടി ; ഭവനരഹിതരായ പതിനായിരങ്ങള്‍ കൊടുംതണുപ്പില്‍ നരകയാതനയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ഇസ്താംബൂള്‍
ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിയുടെ വടക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷകരെ കാത്തുകിടക്കുന്നത് പതിനായിരങ്ങള്‍. പലരും മൊബൈല്‍ ഫോണുകളില്‍ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ആശുപത്രികളും സ്കൂളുകളുമടക്കം ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്.

കോണ്‍ക്രീറ്റ് കുന്നുകള്‍ക്കിടയില്‍ ഒരു പകലും രാത്രിയും അതിജീവിച്ചവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ എങ്ങും ഓടിനടക്കുന്നു. അതിശൈത്യം തിരച്ചിൽ ശ്രമങ്ങളെയും സഹായവിതരണത്തെയും തടസ്സപ്പെടുത്തുന്നു. ഭവനരഹിതരായ പതിനായിരങ്ങള്‍ കൊടുംതണുപ്പില്‍ നരകയാതനയില്‍. തെരുവുകളിൽ അനാഥമായി നിരന്നുകിടക്കുന്ന കാറുകളിലാണ് പലരും ഉറങ്ങിയത്. വീടുകൾ നഷ്ടമായവര്‍ക്കായി സിറിയയില്‍ പള്ളികള്‍ തുറന്നുകൊടുത്തു.മിക്ക ദുരന്തമേഖലയിലും വൈദ്യുതി, ഇന്ധന വിതരണവും താറുമാറായി.

"ഇത് സമയത്തിനെതിരായ ഓട്ടമാണ്'–- ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയിൽ പറഞ്ഞു. "കടന്നുപോകുന്ന ഓരോ മിനിറ്റിലും അതിജീവിച്ചവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറയുന്നു'.

തുര്‍ക്കിയില്‍ 
ദുരിതബാധിതര്‍ 
1.35 കോടി
തുര്‍ക്കിയില്‍ പടിഞ്ഞാറ് അദാനമുതൽ കിഴക്ക് ദിയാർബാകിർവരെയും വടക്ക് മലത്യ മുതൽ തെക്ക് ഹതായ് വരെയും  450 കിലോമീറ്ററോളം മേഖലയില്‍ 1.35 കോടി ആളുകളെ ദുരന്തം ബാധിച്ചു. 285 തുടർചലനമുണ്ടായ ഭൂകമ്പത്തിൽ 5775 കെട്ടിടം തകർന്നതായും 20,426 പേർക്ക് പരിക്കേറ്റതായും തുർക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. തെക്കൻ തുറമുഖമായ ഇസ്‌കെൻഡറൂണിൽ പടരുന്ന തീ ഇനിയും കെടുത്താനായിട്ടില്ല.

സിറിയയില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ തെക്ക് ഹമ വരെ മരണം റിപ്പോർട്ട് ചെയ്തു. പന്ത്രണ്ടുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ താറുമാറായ സിറിയന്‍ മേഖലയില്‍ മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണ്.

ഭയന്നുവിറച്ച് ഗാസിയാന്റെപ്
തുര്‍ക്കിയില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയാന്റെപ് മൃതദേഹങ്ങളുടെ കൂമ്പാരമായി മാറി. ഭൂഗര്‍ഭ അറകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമാണ് ഭൂരിഭാ​ഗം ആളുകളും. കുടിവെള്ള വിതരണവും വൈദ്യുതിയും എങ്ങുമില്ല. രക്ഷാകേന്ദ്രങ്ങളിലുള്ളവര്‍ രാത്രി കൊടുംതണുപ്പില്‍ തീകൂട്ടി ചുറ്റുമിരുന്നു. പലരും കാറിനുള്ളിലാണ് കഴിയുന്നത്.  കാറുകളിൽ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു. ഇനിയും മുന്നറിയിപ്പുണ്ടായാല്‍ പുറപ്പെടാന്‍ തയ്യാറായി ഇരിക്കുകയാണവര്‍. ഏത് നിമിഷവും മറ്റൊരു തുടർചലനം ഏവരും പ്രതീക്ഷിക്കുന്നു.

കൈകോർത്ത്‌ ലോകം
സ്ട്രക്ചറൽ എൻജിനിയർമാർ, പട്ടാളക്കാർ, പാരാമെഡിക്കൽ സ്‌റ്റാഫ്‌ എന്നിവർമുതൽ വിദഗ്‌ധ പരിശീലനം ലഭിച്ച പൊലീസ്‌ നായകൾവരെ ഭിന്നതകൾ മാറ്റിവച്ച്‌ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിത മേഖലയിൽ ജീവനോടെ അവശേഷിക്കുന്നവരെ കണ്ടെത്താൻ കൈകോർക്കുകയാണ്‌ ലോകരാജ്യങ്ങൾ. 70 രാജ്യം സഹായസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന്‌ തുർക്കി പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു.

തുർക്കിക്കായി പ്രത്യേക തിരച്ചിൽ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ്‌ യൂറോപ്യൻ യൂണിയൻ. അമേരിക്ക 100 അഗ്നിശമന സേനാംഗങ്ങളെയും തെരിച്ചില്‍ വിദഗ്‌ധരെയും അയച്ചു. റഷ്യയുടെ 300 സൈനികർ ഉൾപ്പെടുന്ന 10 യൂണിറ്റ്‌ സിറിയയിൽ തിരച്ചിലിലാണ്‌. ഇന്ത്യ തുർക്കിയിലേക്ക്‌ നൂറംഗ രക്ഷാസംഘത്തെ അയച്ചു.

ഭൂകമ്പത്തിലും നിലയ്ക്കാതെ അതിർത്തി സംഘർഷം
ഭൂകമ്പം വിതച്ച നാശനഷ്ടത്തിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനുമിടയിലും നിലയ്ക്കാതെ തുർക്കി–- സിറിയ അതിർത്തി സംഘർഷം. സിറിയയിൽനിന്നുണ്ടായ റോക്കറ്റ്‌ ആക്രമണത്തിന്‌ ചൊവ്വാഴ്ച തിരിച്ചടി നൽകിയതായി തുർക്കി സൈന്യം അറിയിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയിലെ താൽ റിഫാത്‌ മേഖലയിൽനിന്നാണ്‌ റോക്കറ്റ്‌ ആക്രമണം ഉണ്ടായത്‌.

ഐഎസുകാർ തടവുചാടി
ഭൂകമ്പത്തിൽ തകർന്ന സിറിയൻ ജയിലിൽനിന്ന്‌ 20 ഐഎസ്‌ ഭീകരര്‍ രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറൻ പ്രദേശമായ റാജോയിലെ ജയിലിൽനിന്നാണ്‌ ഇവർ രക്ഷപ്പെട്ടത്‌. 1300 ഐഎസുകാർ ഉൾപ്പെടെ 2000 തടവുകാരാണ്‌ ഇവിടുള്ളത്‌. കുർദിഷ്‌ പോരാളികളുമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top