04 December Monday
പ്രകമ്പനം സ്‌പെയ്നിലും പോർച്ചുഗലിലുംവരെ അനുഭവപ്പെട്ടു

മൊറോക്കോയില്‍ മരണം 1305 ; കൂടുതല്‍ പേര്‍ രക്തംദാനം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2023

റബറ്റ്‌
വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ കീഴ്മേല്‍മറിച്ച ശക്തമായ ഭൂകമ്പത്തിൽ 1305 പേർക്ക്‌ ദാരുണാന്ത്യം. 1800ൽ അധികം പേർക്ക് പരിക്ക്. മരണസംഖ്യ ഉയരാൻ സാധ്യത. ഉള്‍പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്തത് സ്ഥിതി രൂക്ഷമാക്കി. വെള്ളി രാത്രി 11ന്‌ ശേഷമാണ്‌ ഹൈ അറ്റ്‌ലസ് പർവതനിരകളിൽ റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലുംവരെ അനുഭവപ്പെട്ടു. 

അറ്റ്‌ലസ് പർവതനിരയില്‍ നിരവധി ചെറുകാര്‍ഷിക ​​ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട ഇഖിൽ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  ഇവിടെ നിന്നും 70 കിലോമീറ്റര്‍ അകലെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള മാരാകേഷിലെ പഴയ നഗരത്തിലും കേടുപാടുകൾ സംഭവിച്ചു. പഴയ നഗരത്തിന്റെ ഹൃദയമായ ജെമാ അൽ-ഫ്‌ന സ്‌ക്വയറിൽ  മസ്ജിദ് മിനാരം വീണു. വിനോദ സഞ്ചാര സീസൺ അവസാനിച്ചെങ്കിലും ഒട്ടേറെ വിദേശികൾ നഗരത്തിൽ ഉണ്ടായിരുന്നു. 

തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി. ഇഖിലിൽനിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുള്ള തലസ്ഥാന നഗരിയായ റബറ്റ്‌, തീരദേശ പട്ടണമായ ഇംസോവാൻ എന്നിവിടങ്ങളിൽനിന്നുള്ളവര്‍ ഭൂകമ്പം ഭയന്ന് വീടുകളിൽനിന്ന് പലായനം ചെയ്തു. 250 കിലോമീറ്റർ വടക്ക് കാസബ്ലാങ്കയിൽ നൂറുകണക്കിനാളുകള്‍ തെരുവുകളിൽ രാത്രി ചെലവഴിച്ചു.

ലോകബാങ്കും ഐഎംഎഫും ഒക്ടോബർ 9 മുതൽ അവരുടെ വാർഷിക യോഗങ്ങൾ  മാരാകേഷിൽ നടത്താനിരിക്കേയാണ്‌ ദുരന്തം. അമേരിക്കൻ ജിയോളജിക്കൽ സർവേ കണക്കനുസരിച്ച്, 1960-ന് ശേഷം മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്.  1960ലെ ഭൂചലനത്തില്‍  12,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top