28 March Thursday

സൗദിക്ക് നേരെ ഒറ്റ ദിവസം എത്തിയത് 17 ഡ്രോണുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

മനാമ> ഒറ്റ ദിവസം സൗദിക്കുനേരെ യെമനിലെ ഹുതി മിലിഷ്യ നടത്തിയത് 17 ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം ലക്ഷ്യത്തിലെത്തും മുന്‍പ് വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സഖ്യ സേനാ വക്താവ് അറിയിച്ചു.

ശനിയാഴ്ച രാവിലെയും അര്‍ധരാത്രിയുമായി 17 ഡ്രോണുകളാണ് തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണങ്ങളായ ഖമീസ് മുഷായത്ത്, നജ്റാന്‍ എന്നിവര്‍ക്കുനേരെ ഹുതികള്‍ തൊടുത്തുവിട്ടത്.  ഇതില്‍ പത്തു ഡ്രോണും ഖമീഷ് മുഷായത്തിനുനേരെ ആയിരുന്നു.  

സാധാരണക്കാരെയും അവരുടെ താമസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹുതികള്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് സേനാ വക്താവ് അറിയിച്ചു. ഏഴ്ഡ്രോണ്‍ യമന്‍ ആകാശത്തുവെച്ചുതന്നെ തകര്‍ത്തു.

ഹുത ആക്രമണത്തെ യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ജോര്‍ദ്ദാന്‍, ജിബൂട്ടി എന്നീ രാജ്യങ്ങളും അറബ് പാര്‍ലമെന്റും ശക്തമായി അപലപിച്ചു.ഹുതി ആക്രമണം തുടരുന്നത് സൗദിയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ സൗദി അറേബ്യ സ്വീകരിച്ച എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി കുവൈറ്റ് പറഞ്ഞു.ഹുതികള്‍ ആസൂത്രിതമായി സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ യുഎഇ അപലപിച്ചു,

സൗദിയുടെ സുരക്ഷയ്ക്ക് നേരെയുണ്ടകുന്ന ഏതൊരു ഭീഷണിയും മുഴുവന്‍ പ്രദേശത്തിനും ഭീഷണിയാണെന്ന് ജോര്‍ദാന്‍ പറഞ്ഞു.മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ മിലിഷ്യക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അറബ് പാര്‍ലന്റെ് ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top