19 January Tuesday

ട്രംപിന്റെ ചാനൽ യുട്യൂബ്‌ മരവിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


ഹോങ്‌കോങ്‌
അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ യുട്യൂബ്‌ ചാനൽ മരവിപ്പിച്ചു. തൽക്കാലം ഒരാഴ്‌ചത്തേക്കാണ്‌ യുട്യൂബ്‌ അധികൃതരുടെ നടപടി. ഇക്കാലത്ത്‌ ട്രംപ്‌ പുതിയ വീഡിയോകൾ യുട്യൂബിൽ കയറ്റുന്നതും തടഞ്ഞിട്ടുണ്ട്‌. നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡൻ അധികാരമേൽക്കുന്നതിനു‌മുമ്പ്‌ വ്യാപക അക്രമത്തിന്‌ ട്രംപ്‌ അനുകൂലികൾ ശ്രമിച്ചേക്കും എന്ന ആശങ്കയ്‌ക്കിടെയാണ്‌ നടപടി.

ചൊവ്വാഴ്‌ച ട്രംപിന്റെ ചാനലിൽ കയറ്റിയ പുതിയ വീഡിയോ അക്രമം കുത്തിയിളക്കുന്നതായതിനാൽ യുട്യൂബ്‌ നീക്കിയിട്ടുണ്ട്‌. തുടർന്നാണ്‌ യുട്യൂബിന്റെ നയം ലംഘിച്ചതിന്‌ ആദ്യശിക്ഷ എന്ന നിലയിൽ ഒരാഴ്‌ചത്തേക്ക്‌ ചാനൽ മരവിപ്പിച്ചത്‌. യുട്യൂബ്‌ നയം അനുസരിച്ച്‌ അടുത്ത നടപടി രണ്ടാഴ്‌ചത്തേക്ക്‌ മരവിപ്പിക്കലാണ്‌. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത്‌ തുടർന്നാൽ അക്കൗണ്ട്‌ എക്കാലത്തേക്കും നിരോധിക്കുന്നതാണ്‌ മൂന്നാം നടപടി.

ജനുവരി ആറിന്‌ ട്രംപിന്റെ പിന്തുണയോടെ അനുയായികൾ യുഎസ്‌ കോൺഗ്രസ്‌ മന്ദിരത്തിൽ ആക്രമണം നടത്തിയതിനെ തുടർന്ന്‌  മിക്ക ടെക്‌ കമ്പനികളും ട്രംപിനെതിരെ നടപടിയെടുത്തിട്ടുണ്ട്‌. ഫെയ്‌സ്‌ബുക്കും ഇൻസ്‌റ്റാഗ്രാമും ട്രംപ്‌ അധികാരം ഒഴിയുന്നതുവരെയെങ്കിലും അക്കൗണ്ട്‌ മരവിപ്പിച്ചിരിക്കുകയാണ്‌. റെഡ്ഡിറ്റ്‌, സനാപ്‌ചാറ്റ്‌ തുടങ്ങിയ മറ്റ്‌ ചാനലുകളും ട്രംപിനെ നിരോധിച്ചിരിക്കുകയാണ്‌.

ആപ്പിൾ, ഗൂഗിൾ തുടങ്ങിയവ ട്രംപ്‌ അനുകൂലികളുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള സാമൂഹ്യമാധ്യമ വേദിയായ പാർലർ തങ്ങളുടെ ആപ്‌ സ്‌റ്റോറുകളിൽ വിലക്കാൻ നീക്കമാരംഭിച്ചു. ആമസോൺ വേദി നിഷേധിച്ചതോടെ ഈയാഴ്‌ച പാർലർ ഇന്റർനെറ്റിൽ കിട്ടാതായിരുന്നു.

അതേസമയം അമേരിക്കയിൽ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത ആക്രമണം നടക്കുന്നതായി ട്രംപ്‌ ചൊവ്വാഴ്‌ച ടെക്‌സസിൽ ആരോപിച്ചു.അക്രമികളെ അറസ്‌റ്റ്‌ ചെയ്യാൻ എഫ്‌ബിഐ യുഎസ്‌ അറ്റോണിയുടെ ഓഫീസുമായി ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌. അക്രമത്തിൽ പങ്കെടുത്തവരെയെല്ലാം എഫ്‌ബിഐ കണ്ടെത്തി പിടിക്കും. എന്നാൽ, പലരും ചെയ്‌തതുപോലെ സ്വമേധയാ മുന്നോട്ട്‌വന്ന്‌ കുറ്റം സമ്മതിക്കാനുള്ള അവസരമാണ്‌ ഇതെന്ന്‌ എഫ്‌ബിഐ അധികൃതർ പറഞ്ഞു.

ക്യാപിറ്റോളിന്‌ സമീപത്തെ റിപ്പബ്ലിക്കൻ പാർടിയുടെയും ഡെമോക്രാറ്റിക്‌ പാർടിയുടെയും ദേശീയ സമിതി ഓഫീസുകൾക്കടുത്തു‌നിന്ന്‌ രണ്ട്‌ പൈപ്പ്‌ ബോംബ്‌ കണ്ടെടുത്തിരുന്നു. ഇത്‌ വച്ചവരെ പിടിക്കാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക്‌ 5000 ഡോളർ ഇനാം പ്രഖ്യാപിച്ചു.

ട്രംപ്‌ അനുകൂലികളുടെ അക്രമം: എഫ്‌ബിഐ 160 കേസെടുത്തു
യുഎസ്‌ ക്യാപിറ്റോളിൽ അക്രമം നടത്തിയ ട്രംപ്‌ അനുകൂലികൾക്കെതിരെ ആറ്‌ ദിവസത്തിനിടെ 160ൽപരം കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായി എഫ്‌ബിഐ അറിയിച്ചു. ഇത്‌ തുടക്കംമാത്രമാണ്‌. പതിനായിരത്തിൽപരം ഡിജിറ്റൽ മീഡിയ തെളിവുകൾ എഫ്‌ബിഐയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.
 

ട്രംപിന്റെ കമ്പനികൾക്കും നഷ്ടക്കച്ചവടം
അമേരിക്കൻ കോൺഗ്രസ്‌ മന്ദിരത്തിൽ കടന്നുകയറി ആക്രമണം നടത്താൻ അനുയായികൾക്ക്‌ പ്രോത്സാഹനം നൽകിയത്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ബിസിനസ്‌ സാമ്രാജ്യത്തിനും തിരിച്ചടിയായി. വിനോദ വ്യവസായങ്ങളിൽ ഉള്ള സ്ഥാപനങ്ങളും സംഘടനകളുംമുതൽ ബാങ്കിങ് സ്ഥാപനങ്ങൾവരെ ട്രംപിനെതിരെ നടപടികൾ തുടങ്ങി. ഓൺലൈൻ വിപണനവേദിയായ ഷോപിഫൈ ട്രംപിന്റെ കടകൾ പൂട്ടിച്ചു.

അമേരിക്കയിലെ പ്രധാന ഗോൾഫ്‌ ടൂർണമെന്റ്‌ നടത്തിപ്പുകാരായ പിജിഎ ന്യൂജേഴ്‌സിയിലെ ബെഡ്‌മിൻസ്‌റ്ററിലെ ട്രംപിന്റെ ഗോൾഫ്‌ കോഴ്‌സുകളിൽ അടുത്ത വർഷം മത്സരം നടത്താനിരുന്നത്‌ റദ്ദാക്കി. ബ്രിട്ടീഷ്‌ ഓപ്പൺ അടുത്തകാലത്തൊന്നും ട്രംപിന്റെ വസ്‌തുവിൽ നടത്തില്ലെന്ന്‌ ബ്രിട്ടീഷ്‌ ഗോൾഫ്‌ സംഘടന വ്യക്തമാക്കി. ബെഡ്‌മിൻസ്‌റ്ററിലെ ട്രംപിന്റെ ഗോൾഫ്‌ ക്ലബിലെ അംഗത്വം നിരവധിയാളുകൾ പിൻവലിച്ചു. ന്യൂയോർക്കിലെ സ്‌കേറ്റിങ്‌ റിങ്കിന്റെയും ബ്രോങ്‌ക്‌സിലെ ഗോൾഫ്‌ കോഴ്‌സിന്റെയും നടത്തിപ്പവകാശം ട്രംപിന്‌ നൽകിയ കരാർ അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ നീക്കം ആരംഭിച്ചു.ട്രംപ്‌ കമ്പനിയുടെ പ്രധാന വായ്‌പാ ദാതാക്കളിൽ ഒന്നായ ഡോയിച്ച്‌ ബാങ്ക്‌ അടക്കം വിവിധ ബാങ്കുകൾ അവർക്ക്‌ ഇനി വായ്‌പ നൽകില്ലെന്ന്‌ തീരുമാനിച്ചു.

ട്രംപിന്റെ മകൾ ഇവാങ്കയെ ബോർഡംഗമാക്കി കൂറ്‌ കാണിച്ചിരുന്ന ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്ക്‌ പോലും ട്രംപിനെതിരെ രംഗത്തുവന്നു. ബാങ്ക്‌ വായ്‌പകൾ ലഭിക്കാതാവുന്നത്‌ സ്വന്തം പണമെടുത്ത്‌ കളിക്കാൻ ട്രംപിനെ നിർബന്ധിതനാക്കും.ട്രംപ്‌ പ്രസിഡന്റായശേഷം വ്യവസായങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മക്കൾ ഡോണൾഡ്‌ ട്രംപ്‌ ജൂനിയറും എറിക്കും ഈ നടപടികൾ തങ്ങളുടെ ബിസിനസിനെ ബാധിക്കില്ലെന്ന്‌ അവകാശപ്പെട്ടു. അമേരിക്കയിൽ 10 കോടി ആരാധകർ ട്രംപിനുണ്ടെന്നാണ്‌ മക്കളുടെ വാദം. അവർ ഭൂമിയുടെ അറ്റംവരെ ട്രംപിനെ പിന്തുടരാൻ തയ്യാറാണെന്ന്‌ എറിക്‌ ട്രംപ്‌ പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനം സൃഷ്‌ടിച്ചയാളാണ്‌ ട്രംപ്‌ എന്നും മകൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top