25 April Thursday
തോൽവി സമ്മതിച്ച് ട്രംപിന്റെ അഭിഭാഷകൻ

ഇംപീച്ച്‌മെന്റ്‌ തുടരും ; ട്രംപിനെതിരെ 
വോട്ട്‌ ചെയ്ത്‌ 
റിപ്പബ്ലിക്കൻ 
സെനറ്റർമാർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 11, 2021


‌വാഷിങ്‌ടൺ
മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ യുഎസ് സെനറ്റ്‌ തീരുമാനിച്ചു. ഇംപീച്ച്‌മെന്റ്‌ നടപടികൾ തടയാനുള്ള റിപ്പബ്ലിക്കൻ അംഗങ്ങളുടെപ്രമേയം സെനറ്റ്‌ 56–- 44ന്‌ തള്ളി. ആറ്‌ റിപ്പബ്ലിക്കൻ സെനറ്റർമാര്‍ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്‌ വിചാരണ തുടരുന്നതിന്‌‌‌ അനുകൂലമായി വോട്ട്‌ ചെയ്തു.
ക്യാപിറ്റോൾ ആക്രമണത്തിന്റെ വീഡിയോ പ്രദർശനത്തോടെയാണ്‌ നടപടികൾ ആരംഭിച്ചത്‌. കലാപത്തിനായുള്ള ട്രംപിന്റെ ആഹ്വാനവും എടുത്തുകാട്ടി. സെനറ്റർമാർ ഉൾപ്പെടെയുള്ളവർക്ക്‌ സ്വയരക്ഷയ്‌ക്കായി ഓടിയൊളിക്കേണ്ടിവന്നത്‌ ഓർമിപ്പിച്ച്‌ വികാരനിർഭരമായ പ്രസംഗങ്ങളാണ്‌ ഡെമോക്രാറ്റ്‌ നേതാക്കള്‍ നടത്തിയത്‌.

ട്രംപിന്റെ അഭിഭാഷകരുടെ എതിർവാദങ്ങൾ കുറിക്കുകൊണ്ടില്ല. ട്രംപിന്റേത്‌ കലാപാഹ്വാനം ആയിരുന്നില്ലെന്നും സംസാരശൈലിയാണെന്നുമായിരുന്നു പ്രധാന വാദം. റിപ്പബ്ലിക്കന്മാർക്കും ഡെമോക്രാറ്റുകൾക്കും 50 വീതം അംഗങ്ങളാണ്‌ സഭയിലുള്ളത്‌. ട്രംപിനെ ഇംപീച്ച്‌ ചെയ്യാൻ വേണ്ട‌ 67 വോട്ട് തികയ്‌ക്കാൻ 11 റിപ്പബ്ലിക്കന്മാരുടെകൂടി പിന്തുണ വേണം. നിലവിലെ സാഹചര്യത്തിൽ ഇത്‌ അസാധ്യമെന്നാണ്‌ വിലയിരുത്തൽ.

സ്ഥാനം ഒഴിഞ്ഞശേഷം ഇംപീച്ച്‌മെന്റ്‌ നേരിടുന്ന ആദ്യ പ്രസിഡന്റും രണ്ടുതവണ ഇംപീച്ച്‌മെന്റ്‌ നേരിടേണ്ടി വന്ന ആദ്യ പ്രസിഡന്റുമാണ്‌ ട്രംപ്‌. പ്രസിഡന്റ്‌ ജോ ബൈഡൻ വിചാരണയിൽ നേരിട്ട്‌ പങ്കെടുക്കുന്നില്ല. ഫ്ലോറിഡയിലുള്ള ട്രംപ്‌ മൊഴി നൽകാൻ വിസമ്മതിച്ചു.

തോൽവി സമ്മതിച്ച് ട്രംപിന്റെ  അഭിഭാഷകൻ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തോൽവി സമ്മതിച്ച് അദ്ദേഹത്തിന്റ അഭിഭാഷകൻ. ഇംപീച്ച്മെന്റ് വിചാരണയിൽ എതിർവാദം തുടങ്ങിയ ട്രംപിന്റെ അഭിഭാഷക പാനലിലെ ബ്രൂസ് കാസ്റ്ററാണ് തോൽവി സമ്മതിച്ചത്. ‘അമേരിക്കക്കാർ വിധിയെഴുതിയതേയുള്ളൂ. അവർ ഭരണാധികാരിയെ മാറ്റി. ഇഷ്ടമില്ലാത്ത ഭരണാധികാരിയെ മാറ്റാനുള്ള ആർജവമുള്ളവരാണ് രാജ്യത്തെ ജനത’ എന്നായിരുന്നു കാസ്റ്ററിന്റെ പരാമർശം.

പുതിയ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റശേഷവും ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ചിരുന്നില്ല. അതിന് വിപരീതമായ അഭിഭാഷകന്റെ പരാമർശം ട്രംപ് അനുകൂലികളെ ചൊടിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top