20 April Saturday

ട്രംപിനെ പ്രതിനിധിസഭ ഇംപീച്ച്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ യുഎസ്‌ കോൺഗ്രസിലെ പ്രതിനിധിസഭ ഇംപീച്ച്‌ ചെയ്‌തു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയിലെ 10 അംഗങ്ങൾ കൂടി പിന്തുണച്ചപ്പോൾ കുറ്റവിചാരണാ പ്രമേയത്തിന്‌ അനുകൂലമായി 232 വോട്ട്‌ ലഭിച്ചു. 197 റിപ്പബ്ലിക്കന്മാർ എതിർത്തു. നാല്‌ റിപ്പബ്ലിക്കന്മാർ വിട്ടുനിന്നു.

ഇതോടെ രണ്ടുവട്ടം യുഎസ്‌ കോൺഗ്രസിൽ ഇംപീച്ച്‌ ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ്‌ എന്ന കുപ്രസിദ്ധിയോടെയാവും ട്രംപിന്റെ പടിയിറക്കം. ട്രംപ്‌ സായുധ അണികളെ ഇളക്കിവിട്ട്‌ കോൺഗ്രസ്‌ മന്ദിരത്തിനുള്ളിൽ കലാപമുണ്ടാക്കി ഒരാഴ്‌ച തികഞ്ഞദിവസമാണ്‌ അതിന്റെ പേരിൽ സഭ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാക്കിയത്‌. സ്‌പീക്കർ നാൻസി പെലോസി പ്രമേയം ഉപരിസഭയായ സെനറ്റിന്‌ അയച്ചുകൊടുക്കുന്നതോടെ അവിടെയും ട്രംപിന്റെ വിചാരണയ്‌ക്ക്‌ വഴിയൊരുങ്ങും.

എന്നാൽ, ഇനി സെനറ്റ്‌ ചേരേണ്ടത്‌ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡൻ അധികാരമേൽക്കുന്നതിന്റെ തലേന്നായ 19ന്‌ ആയതിനാൽ അധികാരം ഒഴിയുന്നതിന്‌ മുമ്പ്‌ ട്രംപ്‌ അവിടെ വിചാരണ ചെയ്യപ്പെടുന്നതിന്‌ സാധ്യതയില്ല. മാത്രമല്ല നൂറംഗ സെനറ്റിൽ പ്രമേയം പാസാവുന്നതിന്‌ മൂന്നിൽരണ്ട്‌ അംഗങ്ങളുടെ (67പേർ) പിന്തുണവേണം. റിപ്പബ്ലിക്കന്മാർക്കും ഡെമോക്രാറ്റുകൾക്കും 50 അംഗങ്ങൾ വീതമുള്ള  സെനറ്റിൽ 17 റിപ്പബ്ലിക്കന്മാരെങ്കിലും പിന്തുണച്ചാലെ കുറ്റവിചാരണ പാസാവൂ.

എങ്ങനെ വോട്ട്‌ ചെയ്യണമെന്ന്‌ സെനറ്റിലെ റിപ്പബ്ലിക്കൻ തലവൻ മിച്ച്‌ മക്കോണൽ പോലും തീരുമാനിച്ചിട്ടില്ലാത്തതിനാൽ ഒരു സാധ്യതയും തള്ളാനാവില്ല. ട്രംപ്‌ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന മക്കോണലിന്റെ ഭാര്യ എലെയ്‌ൻ ചൗ കലാപത്തിന്‌ തൊട്ടുപിന്നാലെ രാജിവച്ച്‌ പ്രതിഷേധം വ്യക്തമാക്കിയിരുന്നു.

ട്രംപിന്‌ പുറമേ ആൻഡ്രൂ ജോൺസൺ(1868), ബിൽ ക്ലിന്റൺ(1998) എന്നിവരാണ്‌ ഇതിന്‌ മുമ്പ്‌ ഇംപീച്ച്‌ ചെയ്യപ്പെട്ട പ്രസിഡന്റുമാർ. ട്രംപടക്കം മൂവരെയും സെനറ്റ്‌ കുറ്റവിമുക്തരാക്കി. റിച്ചാഡ്‌ നിക്‌സൻ ഇംപീച്ച്‌മെന്റ്‌ നേരിടാതെ 1974ൽ രാജിവയ്‌ക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top