19 April Friday

വിചാരണയോ ശാസനയോ; ട്രംപിനെതിരെ നീക്കം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


വാഷിങ്‌ടൺ
ക്യാപിറ്റോൾ മന്ദിരത്തിലെ അക്രമത്തിലൂടെ അട്ടിമറിക്ക്‌ അനുയായികളെ ഇളക്കിവിട്ട പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ നടപടിക്ക്‌ യുഎസ്‌ കോൺഗ്രസിൽ നീക്കം ഊർജിതമായി. കോൺഗ്രസിന്റെ ഇരുസഭയും ഉടനെ ട്രംപിനെ വിചാരണ ചെയ്യുന്നതിന്‌(ഇംപീച്ച്‌മെന്റ്‌) പ്രായോഗിക തടസ്സങ്ങളുള്ളതിനാൽ പകരം ശാസനയിലേക്ക്‌ നീങ്ങണമെന്ന അഭിപ്രായവും ഡെമോക്രാറ്റിക്‌ പാർടിയിലുണ്ട്‌. ഇംപീച്ച്‌മെന്റ്‌ പോലെ കടുത്ത നടപടികൾ തടയാനുറച്ചാണ്‌ റിപ്പബ്ലിക്കൻ പാർടിയിലെ ട്രംപിന്റെ വിശ്വസ്‌തർ. ചില റിപ്പബ്ലിക്കൻ നേതാക്കളടക്കം രാജി ആവശ്യപ്പെട്ടിട്ടും ഒഴിയില്ലെന്ന നിലപാടിലാണ്‌ ട്രംപ്‌.

പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഇനി ട്രംപിന്‌ ഒമ്പത്‌ ദിവസംമാത്രമാണ്‌ അവശേഷിക്കുന്നത്‌ എന്നതാണ്‌ ഇംപീച്ച്‌മെന്റിന്‌ പ്രധാന തടസ്സം. ഇംപീച്ച്‌മെന്റ്‌ തന്നെ തീരുമാനിച്ചാൽ ട്രംപ്‌ അധികാരം ഒഴിഞ്ഞശേഷമേ സെനറ്റിൽ നടപടി ആരംഭിക്കൂ എന്ന്‌ അവിടത്തെ റിപ്പബ്ലിക്കൻ നേതാവ്‌ മിച്ച്‌ മക്കോണൽ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞവർഷം ട്രംപിനെതിരെ നടന്ന ഇംപീച്ച്‌മെന്റ്‌  സെനറ്റിൽ പരാജയപ്പെടുത്തിയത്‌ മക്കോണലിന്റെ നേതൃത്വത്തിലാണ്‌.

രാജ്യത്തിന്‌ അപകടകാരിയായ പ്രസിഡന്റിനെ 25–-ാം ഭരണഘടനാ ഭേദഗതി പ്രയോഗിച്ച്‌ പുറത്താക്കുന്നതിനാണ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ പ്രഥമ പരിഗണന. അടിയന്തരമായി മന്ത്രിസഭ വിളിച്ച്‌ ഇതിന്‌ നടപടി സ്വീകരിക്കുന്നതിന്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസിനോട്‌ തിങ്കളാഴ്‌ച കോൺഗ്രസ്‌ ഏകകണ്ഠമായി ആവശ്യപ്പെടുന്നതിനാണ്‌ തീരുമാനമെന്ന്‌ സഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. 24 മണിക്കൂറിനകം പെൻസ്‌ നടപടിക്ക്‌ ഒരുങ്ങിയില്ലെങ്കിൽ ചൊവ്വാഴ്‌ച സഭയിൽ ഇംപീച്ച്‌മെന്റ്‌ പ്രമേയം അവതരിപ്പിക്കും. അടുത്തദിവസം അത്‌ പാസാക്കി സെനറ്റിനയക്കും.

എന്നാൽ, സാധാരണ നിലയിൽ ഇനി സെനറ്റ്‌ ചേരേണ്ടത്‌ ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്‌ തലേന്ന്‌ 19നാണ്‌. ബൈഡൻ അധികാരമേറ്റശേഷം സെനറ്റിൽ ഇംപീച്ച്‌മെന്റ്‌ നടപടികൾ ആരംഭിക്കുന്നത്‌ പുതിയ മന്ത്രിസഭാംഗങ്ങൾക്ക്‌ അംഗീകാരം നേടുന്നത്‌ ഉൾപ്പെടെയുള്ള സുപ്രധാന നടപടികളെ ബാധിക്കും എന്ന പ്രശ്‌നമുണ്ട്‌.

അധികാരം ഒഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യുന്നതിൽ ഭരണഘടനാപരമായും അവ്യക്തതയുണ്ട്‌.ഈ സാഹചര്യത്തിലാണ്‌ പ്രതിനിധി സഭാംഗം എലീനോർ ഹോമസ്‌ നോർട്ടൺ ശാസനാ നിർദേശം മുന്നോട്ടു‌വച്ചിട്ടുള്ളത്‌. ട്രംപിനെ സെൻഷർ ചെയ്യാൻ തിങ്കളാഴ്‌ച പ്രമേയം അവതരിപ്പിക്കും എന്ന്‌ അവർ അറിയിച്ചിട്ടുണ്ട്‌. ട്രംപിനെ പുറത്താക്കണമെന്നാണ്‌ 56 ശതമാനം അമേരിക്കക്കാരുടെയും അഭിപ്രായമെന്ന്‌ എബിസി ന്യൂസ്‌/ഇപ്‌സോസ്‌ സർവേയിൽ കണ്ടെത്തി. അഞ്ചുപേർ കൊല്ലപ്പെട്ട കലാപത്തിൽ ട്രംപിന്‌ പങ്കുണ്ട്‌ എന്ന്‌ തന്നെയാണ്‌ മൂന്നിൽ രണ്ടിലധികം(67ശതമാനം) അമേരിക്കക്കാരും കരുതുന്നത്‌ എന്നും വ്യക്തമായി.
 

പതാക താഴ്‌ത്താൻ ട്രംപിന്റെ ഉത്തരവ്‌
ക്യാപിറ്റോളിൽ തന്റെ അനുയായികൾ നടത്തിയ കലാപത്തിൽ മരിച്ച രണ്ട്‌ പൊലീസുകാരോട്‌ ആദരവർപ്പിച്ച്‌ ബുധനാഴ്‌ച അസ്‌തമയംവരെ രാജ്യത്തെങ്ങും സർക്കാർ മന്ദിരങ്ങളിൽ അമേരിക്കൻ പതാക താഴ്‌ത്തിക്കെട്ടാൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഉത്തരവിട്ടു. പ്രഖ്യാപനത്തിൽ കലാപത്തെക്കുറിച്ച്‌ പരാമർശമില്ല. ക്യാപിറ്റോൾ അക്രമങ്ങളിൽ പങ്കെടുത്ത 90ലേറെ പേർ ഇതിനകം അറസ്‌റ്റിലായിട്ടുണ്ട്‌.ഇതിനിടെ ഹോളിവുഡിലെ ആക്ഷൻ നായകനും കലിഫോർണിയയുടെ റിപ്പബ്ലിക്കൻ ഗവർണറുമായിരുന്ന ആർനോൾഡ്‌ ഷ്വാർസ്‌നെഗർ ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തി. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ്‌ ട്രംപ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. ക്യാപിറ്റോളിൽ അക്രമം നടത്തിയ ട്രംപ്‌ അനുകൂലികളായ തീവ്ര വലതുപക്ഷ ആൾക്കൂട്ടത്തെ നാസികളോടാണ്‌ ഷ്വാർസ്‌നെഗർ ഉപമിച്ചത്‌. 1938ൽ നാസികൾ ജർമനിയിലും ഓസ്‌ട്രിയയിലും ജൂതഭവനങ്ങൾ തകർത്ത സംഭവത്തെ വിശേഷിപ്പിക്കുന്ന ‘ഉടഞ്ഞ ചഷകത്തിന്റെ രാത്രി’യായിരുന്നു കഴിഞ്ഞ ബുധനാഴ്‌ച അമേരിക്കയിലെന്ന്‌ ഓസ്‌ട്രിയയിൽ ജനിച്ച താരം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top