വാഷിങ്‌ടൺ > കാമുകിയുമായുള്ള ജീവിതം സുരക്ഷിതമാക്കാൻ ആഫ്രിക്കൻ യാത്രയ്‌ക്കിടെ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ദന്ത ഡോക്ടറെ ശിക്ഷിച്ച് അമേരിക്കൻ കോടതി. പെൻസിൽവാനിയയിലെ ഒരു ദന്താശുപത്രി ശൃംഖലയുടെ സ്ഥാപകനായ ലാറി റുഡോൾഫിനെയാണ് ഭാര്യ ബിയാൻസയെ കൊലപ്പെടുത്തിയതിന് ഡെൻവർ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 1.5 കോടി ഡോളർ (124,47,67,500 രൂപ) പിഴയും വിധിച്ചു.
2016 ഒക്‌ടോബർ 11ന് സാംബിയയിലാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ച് വരാൻ തയ്യാറെടുക്കുന്നതിനിടെ ഭാര്യയുടെ നെഞ്ചിലേക്ക് ഇയാൾ നിറയൊഴിക്കുകയായിരുന്നു. ശേഷം ബിയാൻസ അബദ്ധത്തിൽ സ്വയം വെടിവച്ചതാണെന്ന് വരുത്തിത്തീർത്തു. ബിയാൻസയുടെ ഇൻഷുറൻസും മറ്റും കൈക്കലാക്കി കാമുകി ലോറി മിലിറോണിനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം. ഭാര്യയുടെ മരണത്തെതുടർന്ന് ലഭിച്ച ഗണ്യമായ ഇൻഷുറൻസ് തുകകളുമായി ബന്ധപ്പെട്ട മെയിൽ തട്ടിപ്പിലും റുഡോൾഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന് 20 വർഷം അധികം ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ജീവപര്യന്തത്തോടൊപ്പം അനുഭവിച്ചാൽ മതിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..