20 April Saturday

ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കും; സിപിസി പ്ലീനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021

ബീജിങ് > ചൈനയെ എല്ലാ അർത്ഥത്തിലും മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള കർമപദ്ധതികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി) പ്ലീനം പ്രഖ്യാപിച്ചു. 19–-ാം കേന്ദ്രകമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്‌ ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധിയുടെയടക്കം ആഘാതത്തിൽ, വികസനത്തിനും സുരക്ഷയ്ക്കും തുല്യ ഊന്നൽ നൽകിയതായിരുന്നു സിപിസിയുടെ പ്രവര്‍ത്തനമെന്ന് യോ​ഗം വിലയിരുത്തി. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ സമ്പൂർണ വിജയം നേടി. ജനങ്ങളുടെ ക്ഷേമം കൂടുതൽ മെച്ചപ്പെടുത്തി. സാമൂഹ്യ സ്ഥിരത നിലനിർത്തി.

ദേശീയ പ്രതിരോധത്തെയും സായുധ സേനയെയും നവീകരിക്കാനായി. 19–-ാം പാർടി കോൺഗ്രസിന്റെയും മുന്‍ പ്ലീനറി സമ്മേളനങ്ങളിലെയും മാർഗനിർദേശങ്ങൾ പൂർണമായും നടപ്പാക്കിയെന്ന്‌ ആറാമത് പ്ലീനം വിലയിരുത്തി.

പാര്‍ടി കോൺഗ്രസ് 2022ൽ
അടുത്ത വര്‍ഷം രണ്ടാം പകുതിയിൽ സിപിസിയുടെ 20–--ാമത് പാര്‍ടി കോൺഗ്രസ് ബീജിങ്ങില്‍ നടത്തുന്നതിനെക്കുറിച്ചുള്ള പ്രമേയവും അംഗീകരിച്ചു. യോ​ഗത്തിന്റെ തീരുമാനങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിസി കേന്ദ്ര കമ്മിറ്റി വിശദീകരിക്കും.


‘സിപിസിയുടെ  ശ്രദ്ധ ജനതയുടെ ക്ഷേമം’

സ്ഥാപിതമായതുമുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി) ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പൗരന്മാരുടെ ക്ഷേമത്തിലാണെന്ന് മുൻ കോസ്റ്ററിക്കൻ പ്രസിഡന്റ് ജോസ് മരിയ ഫിഗറസ്. മികച്ച ആരോഗ്യം, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള അവസരങ്ങൾ എന്നിവയോടെ അർഥവത്തായ ജീവിതം നയിക്കാനുള്ള സാഹചര്യം ജനങ്ങള്‍ക്ക് ഒരുക്കിനല്‍കുന്നതില്‍ സിപിസി എല്ലാക്കാലത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നെന്നും സിൻഹുവയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫിഗറസ് പ്രശംസിച്ചു.

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലെ വിജയം പാർടിയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. രാജ്യം കൈവരിച്ച സാമ്പത്തികവളർച്ചയും അന്താരാഷ്ട്രരംഗത്ത് വർധിച്ചുവരുന്ന പങ്കും ഉൾപ്പെടെ സിപിസിയുടെ നേതൃത്വത്തിൽ ചൈന കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ ഫിഗറസ് അഭിനന്ദിച്ചു.             


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top