26 April Friday
പുതിയ ജനറൽ സെക്രട്ടറിയെ നാളെ പ്രഖ്യാപിക്കും

സിപിസി 20–ാം പാർടി കോൺഗ്രസ് ഇന്ന്‌ സമാപിക്കും ; പുതിയ കേന്ദ്ര കമ്മിറ്റിയെ ഇന്ന്‌ തെരഞ്ഞെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 22, 2022


ബീജിങ്
കഴിഞ്ഞ അഞ്ച്‌ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയും പുതിയ വെല്ലുവിളികളെ നേരിടാൻ പാർടിയെയും സർക്കാരിനെയും സജ്ജമാക്കിയും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസ് ശനിയാഴ്‌ച സമാപിക്കും. മാർക്‌സിസ്റ്റ്‌ ആശയ അടിത്തറയിൽനിന്ന്‌ ചൈനീസ്‌ സവിശേഷതകളോടുകൂടിയ ആധുനിക സോഷ്യലിസ്റ്റ്‌ രാജ്യം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാണ്‌ കോൺഗ്രസിൽ നടന്നത്‌. ജനറൽ സെക്രട്ടറി ഷി ജിൻപിങ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും അച്ചടക്ക പരിശോധനയ്‌ക്കുള്ള കേന്ദ്ര കമീഷന്റെ പ്രവർത്തന റിപ്പോർട്ടും പ്രതിനിധികൾ ചർച്ച ചെയ്‌തു. പാർടി ഭരണഘടനാ ഭേദഗതികളിൻമേലും ചർച്ച  നടന്നു.

പുതിയ കേന്ദ്ര കമ്മിറ്റിയെയും അച്ചടക്കത്തിനുള്ള കേന്ദ്ര കമീഷനെയും സമ്മേളനം ശനിയാഴ്‌ച തെരഞ്ഞെടുക്കും. വെള്ളിയാഴ്‌ച പ്രസീഡിയം മൂന്നാം യോഗത്തിൽ ജനറൽ സെക്രട്ടറി ഷി ജിൻപിങ് അധ്യക്ഷനായി. സമ്മേളനത്തിൽ വൊട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷൻ അംഗങ്ങളുടേയും കരട്‌ പട്ടിക യോഗം അംഗീകരിച്ചു.    205 പൂർണസമയ അംഗങ്ങളും 171 ഇതര അംഗങ്ങളുമടക്കം 376 അംഗങ്ങളാണ് നിലവിലെ കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേന്ദ്ര കമ്മിറ്റിയുടെ അംഗസംഖ്യ കൂട്ടണോ എന്നത് കോൺഗ്രസ്‌ തീരുമാനിക്കും.

പുതിയ കേന്ദ്ര കമ്മിറ്റി ഞായറാഴ്‌ച യോഗം ചേർന്ന്‌ 25 അംഗ പൊളിറ്റ്‌ ബ്യൂറോയെയും ഏഴംഗ സ്‌റ്റാൻഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. ഞായറാഴ്‌ചതന്നെ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്ന്‌ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. ഷി ജിൻപിങ് മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ്‌ രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top