19 April Friday

ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമാകാൻ ചെെന ; ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2022

ബീജിങ്‌
എല്ലാ അര്‍ഥത്തിലും ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമായി ചൈനയെ കെട്ടിപ്പടുക്കുമെന്ന പ്രഖ്യാപനത്തോടെ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസിന്‌ ബീജിങ്ങിൽ തുടക്കമായി.

ബീജിങ് ഗ്രേറ്റ്‌ ഹാൾ ഓഫ്‌ പീപ്പിളിൽ ആരംഭിച്ച സമ്മേളനത്തിൽ ചൈനയുടെ പ്രസിഡന്റും പാർടി ജനറൽ സെക്രട്ടറിയുമായ ഷി ജിൻപിങ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. "ചൈനീസ് സവിശേഷതയുള്ള സോഷ്യലിസ്റ്റ് ഭരണപാത പിന്തുടരുകയും സോഷ്യലിസ്റ്റ് ഭരണ വ്യവസ്ഥയുടെ  ഒരു ചൈനീസ് സംവിധാനം വികസിപ്പിക്കുകയും നിയമവാഴ്ചയുള്ള  സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ സ്ഥാപിക്കുകയും വേണം'ഷി പറഞ്ഞു.

ചൈന പുതിയ വികസനപാത സൃഷ്‌ടിക്കും. ആധുനിക സോഷ്യലിസ്‌റ്റ്‌ രാജ്യം കെട്ടിപ്പടുക്കാൻ ഉയർന്ന നിലവാരമുള്ള വികസനം യാഥാർഥ്യമാക്കണം. സോഷ്യലിസ്‌റ്റ്‌ വിപണിസമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പരിഷ്‌കരണ നടപടി ത്വരിതപ്പെടുത്തും. ഉൽപ്പാദനക്ഷമത ഉയർത്തി വ്യാവസായിക, വിതരണ ശൃംഖലകളെ കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരേകീകരണത്തില്‍ 
ചെെന പിന്നോട്ടില്ല
ദേശീയ പുനരേകീകരണമെന്ന ലക്ഷ്യത്തിൽനിന്ന്‌ ചൈന പിന്നോട്ടില്ലെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. സിപിസി 20–-ാം പാർടി കോൺഗ്രസിൽ റിപ്പോർട്ട്‌ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തയ്‌വാൻ പ്രശ്നം ചൈനക്കാർ പരിഹരിക്കേണ്ട വിഷയമാണ്. പുനരേകീകരണത്തിനായി സമാധാനപരമായ ചർച്ചകൾ ചൈന ആത്മാർഥമായി തുടരും.

തയ്‌വാനുമായി സാമ്പത്തികവും സാംസ്കാരികവുമായ കൈമാറ്റങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നത്  തുടരും. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ ഇക്കാര്യത്തിൽ അംഗീകരിക്കാനാകില്ല. പുനരൈക്യത്തിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ബലപ്രയോഗം നടത്തില്ലെന്ന്‌ ഉറപ്പ്‌ നൽകാനാകില്ല. രാജ്യത്തിന്റെ സമ്പൂർണ പുനരേകീകരണം സാക്ഷാൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

243 അംഗ  പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌.  9.6 കോടി അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 2926 പേരാണ്‌ സമ്മേളന പ്രതിനിധികൾ. ഇവരിൽ 771 പേർ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിരപ്പോരാളികളാണ്‌. 619 സ്ത്രീകളും 40 ന്യൂനപക്ഷ വംശത്തെ പ്രതിനിധാനംചെയ്ത്‌ 264 പ്രതിനിധികളുമുണ്ട്‌.  പ്രവർത്തന റിപ്പോർട്ട്‌ പ്രതിനിധികൾ ചർച്ച ചെയ്യും.  22ന്‌ സമ്മേളനം സമാപിക്കും.  

ഒരേ ഭാവി പങ്കിടുന്ന 
മനുഷ്യരാകാം
ഒരേ ഭാവി പങ്കിടുന്ന മനുഷ്യ സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ചൈന പ്രതിജ്ഞാബദ്ധമാണെന്ന്‌ ഷി ജിൻപിങ് പറഞ്ഞു. എല്ലാത്തരം ആഗോള വെല്ലുവിളികളെയും നേരിടാൻ ലോകജനത ഒന്നിച്ചുനില്‍ക്കണം.  എല്ലാതരം ആധിപത്യത്തിനും അധികാര രാഷ്ട്രീയത്തിനും ശീതയുദ്ധ മാനസികാവസ്ഥയ്ക്കും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾക്കും ഇരട്ടത്താപ്പിനും ചൈന എതിരാണ്. ചൈന ഒരിക്കലും മറ്റുരാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം തേടുകയോ രാഷ്ട്ര വിപുലീകരണത്തിൽ ഏർപ്പെടുകയോ ചെയ്യില്ലെന്നും ഷി വ്യക്തമാക്കി.

സീറോ കോവിഡ്‌ നയം തുടരും
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനമായതിനാലാണ്‌ കോവിഡ്‌ മാനദണ്ഡങ്ങൾ തുടരുന്നതെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്. ജനങ്ങളുടെ ആരോഗ്യത്തിന്‌ ചൈന ഏറ്റവും ഉയർന്ന പരിഗണനയാണ്‌ നൽകുന്നത്‌. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളും അനിവാര്യമാണ്‌.  കോവിഡ്‌ മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പാക്കിയത്‌ ചൈനയുടെ പുരോഗതിക്ക്‌ ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ പ്രതികരണം.

ജനനനിരക്ക് വര്‍ധിപ്പിക്കും
രാജ്യത്ത് ജനനനിരക്ക് വർധിപ്പിക്കാന്‍ പ്രത്യേക തന്ത്രം ആവിഷ്കരിക്കുമെന്നും ഷി ജിൻപിങ് പറഞ്ഞു. നിലവില്‍ ജനസംഖ്യാനിരക്കില്‍ ഇടിവുണ്ടാകുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഭാവിയില്‍ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ജനസംഖ്യയില്‍ ഭൂരിഭാ​ഗവും വാർദ്ധക്യത്തോട് അടുക്കുന്നവരാണെന്ന പ്രശ്നത്തെ നേരിടാന്‍ ദേശീയതലത്തില്‍ പുതിയതന്ത്രം ആവിഷ്കരിക്കുമെന്നാണ് ഷി പ്രഖ്യാപിച്ചത്. 1980 മുതല്‍ 2015 വരെ ചൈന ഒറ്റക്കുട്ടി നയമാണ് പിന്തുടര്‍ന്നത്.

ഗൽവാൻ കമാൻഡറും  പ്രതിനിധി
സിപിസി 20–-ാം പാർടി കോൺഗ്രസ്‌ പ്രതിനിധികളിൽ പീപ്പിൾ ലിബറേഷൻ ആർമി ഗൽവാൻ കമാൻഡറും. ഗാൽവനിൽ ഇന്ത്യസൈനികരുമായി  ഏറ്റുമുട്ടലിന്‌ നേതൃത്വം നൽകിയ പിഎൽഎ കമാൻഡർ ക്വി ഫാബാവോയാണ്‌ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുത്തത്‌.     സമ്മേളനവേദിയിൽ ചൈനയുടെ സുപ്രധാന നേട്ടങ്ങൾ ആവിഷ്‌കരിച്ച ഹ്രസ്വ വീഡിയോയിലും ഗാൽവൻ ഇടംപിടിച്ചു.   2020ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ നിരവധി  ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. നിരവധി ചൈനീസ്‌ സൈനികരും കൊല്ലപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top