11 June Sunday

ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധിതരില്‍ മൂന്നിരട്ടി വര്‍ധന

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021


ലണ്ടൻ
ബ്രിട്ടനില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്തിതുവരെ മൊത്തം 24,968 പേര്‍ക്ക്‌ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മരണം ഏഴായി. രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികൾ ലക്ഷത്തിന്‌ അടുത്താണ്.

ആരോ​ഗ്യ വകുപ്പിന്റെ  കണക്ക് പ്രകാരം ഇതില്‍ 10,059 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 3,201 പേർക്ക്‌ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ മൂന്നിരട്ടിയിലധികമാണ് വര്‍ധന. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് ബാധിതരിലും വലിയ വര്‍ധനയുണ്ട്.
സ്ഥിതി​ഗതികള്‍ സസൂക്ഷ്‌മം നിരീക്ഷിച്ച്‌ അടച്ചിടൽ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിദ​ഗ്ധരുമായി ചര്‍ച്ച പുരോ​ഗമിക്കുകയാണെന്നും യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. 

ഇതിനിടെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ടിക്കുള്ളിലെ നേതാക്കള്‍ തന്നെ എതിര്‍പ്പ് ശക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബ്രക്‌സിറ്റ് മന്ത്രി ഡേവിഡ് ഫ്‌റോസ്റ്റ് ശനിയാഴ്ച രാജിവച്ചു.

യൂറോപ്പില്‍ പരക്കെ നിയന്ത്രണം
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നെതർലൻഡ്‌സ് വീണ്ടും അടച്ചിടലിലേക്ക് കടന്നു. അവശ്യ സേവനങ്ങള്‍ അല്ലാതെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകൾ, സർവകലാശാലകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയും ഞായറാഴ്ച മുതൽ ജനുവരി 14 വരെ അടച്ചിടുമെന്ന് കാവൽ പ്രധാനമന്ത്രി മാർക്ക് റുട്ടെ പറഞ്ഞു. വീടുകളില്‍ ഒരു സമയം രണ്ട് സന്ദര്‍ശകരെയെ അനുവദിക്കൂ. ക്രിസ്മസ്, ന്യൂ ഇയര്‍ ദിനത്തില്‍ ഇത് നാലാകാം. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചതോടെ ബ്രിട്ടനില്‍നിന്നുള്ളവര്‍ക്ക് ജര്‍മനി യാത്രാ നിയന്ത്രണം കടുപ്പിച്ചു. ബ്രിട്ടനെ ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.  ഇവിടെ നിന്നെത്തുന്നവര്‍ക്ക് വാക്സിനേഷന്‍ നില പരി​ഗണിക്കാതെ പതിനാല് ദിവസത്തെ സമ്പർക്കവിലക്ക്‌ കര്‍ശനമാക്കി. ഫ്രാൻസില്‍നിന്നും ഡെൻമാർക്കില്‍നിന്നും ജര്‍മനിയില്‍ എത്തുന്ന വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും 10 ദിവസത്തെ സമ്പർക്കവിലക്ക്‌ നിര്‍ബന്ധമാക്കി.

ഫ്രാൻസ്, സൈപ്രസ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. പാരീസില്‍  പുതുവത്സരത്തോട് അനുബന്ധിച്ച് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ റദ്ദാക്കി. ഡെന്മാർക്ക് തിയറ്ററുകൾ, കച്ചേരി ഹാളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചു. അയർലൻഡില്‍ പബ്ബുകളിലും ബാറുകളിലും രാത്രി എട്ടിന്‌  ശേഷം കർഫ്യൂ ഏർപ്പെടുത്തി. പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top