23 April Tuesday
നിയന്ത്രണം ശക്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കന്‍ വകഭേദം അതിമാരകം ; അതിർത്തി അടച്ച് ലോകരാജ്യങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


ലണ്ടന്‍ /ജനീവ
അത്യന്തം മാരകമായ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ അപായസൂചന മുഴക്കി നിയന്ത്രണവും നിരീക്ഷണവും കര്‍ശനമാക്കി യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോങ്കോങ്, ബോട്‌സ്വാന, ഇസ്രയേല്‍ എന്നിവിടങ്ങളിലും ഈ പുതിയ വകഭേദം സ്ഥിരീകരിച്ചു. യാത്രാനിരോധന പ്രഖ്യാപനമുണ്ടായതോടെ ആഗോള ഓഹരിവിപണിയില്‍ കടുത്ത ഇടിവുണ്ടായി.

ആറ് അഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള വിമാനങ്ങള്‍  ബ്രിട്ടൻ പൂര്‍ണമായി നിരോധിച്ചു. യാത്രാനിരോധനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇയു. ഏഴു രാജ്യത്തുനിന്നുള്ള വിമാനയാത്ര സിംഗപ്പൂര്‍ വിലക്കി. രണ്ടാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവര്‍ക്ക് ഇറ്റലി പ്രവേശനം വിലക്കി. അടുത്തിടെ രാജ്യത്ത്‌ എത്തിയവരില്‍ മുമ്പ് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവരെ കണ്ടെത്തി നിരീക്ഷിക്കാന്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

എന്നാല്‍, യാത്രാനിരോധനം പുതിയ വകഭേദത്തിന്റെ വ്യാപനം തടഞ്ഞുനിര്‍ത്തുമെന്ന് ഉറപ്പുപറയാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഇതിനകംതന്നെ വൈറസുകള്‍ മറ്റിടങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ യാത്രാനിരോധനം ഫലപ്രദമല്ലെന്നാണ് വാദം.

പ്രതീക്ഷയോടെ ശാസ്ത്രലോകം
ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്‌ നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ശേഷിയുണ്ടോയെന്ന തീവ്രപരിശോധനയിലാണ് വൈദ്യശാസ്ത്രലോകം. പുതിയ വകഭേദത്തിലെ മാംസ്യഘടകത്തിന് രോഗവാഹിയായ ആദ്യ വൈറസിന്റേതില്‍നിന്നും വലിയ വ്യത്യാസമുണ്ട്. കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദമാണ്‌ ഇതെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കന്‍ വകഭേദം ശക്തമായ തിരിച്ചടിയാണെങ്കിലും ഇതോടെ എല്ലാം അവസാനിച്ചെന്ന മട്ടില്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് ലോകപ്രശസ്ത്ര സാംക്രമിക രോഗവിദഗ്ധര്‍ പ്രതികരിച്ചു. നേരത്തെ കണ്ടെത്താനായതുകൊണ്ടുതന്നെ ശക്തമായ പ്രതിരോധം തീര്‍ക്കാനാകുമെന്ന് യുകെയിലെ സാംക്രമിക രോഗവിദഗ്ധൻ പ്രൊഫ. ഫ്രാങ്കോയിസ് ബല്ലൗക്‌സ് പ്രതികരിച്ചു.

യാത്രാനിരോധനംകൊണ്ട് 
ഫലമില്ലെന്ന് 
ലോകാരോ​ഗ്യ സംഘടന
പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വ്യാപകമായി രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിൽ ഫലമില്ലെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. സ്ഥിതിഗതി നിരീക്ഷിച്ചുവരികയാണെന്നും പുതിയ വൈറസിന് വൻതോതിൽ വകഭേദം ഉണ്ടാകുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് അടിയന്തരയോഗത്തിനുശേഷം അറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top