29 March Friday

അമേരിക്കയിൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം ; യാത്ര നിരോധിച്ച്‌ യുകെ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


വാഷിങ്‌ടൺ
രാജ്യത്ത്‌ കൂടുതൽ പേരിൽ ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന്‌ എത്തുന്നവർക്ക്‌ ബാധകമാണ്‌. യാത്ര പുറപ്പെടുന്നതിന്‌ ഒരു ദിവസം മുമ്പ്‌ ചെയ്ത പരിശോധനാഫലം ഹാജരാക്കണം. 90 ദിവസത്തിനുള്ളിൽ കോവിഡ്‌ ബാധിച്ചവരെങ്കിൽ, രോഗം ഭേദമായെന്ന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. തിങ്കളാഴ്ച മുതൽ പുതിയ മാർഗനിർദേശം പ്രാബല്യത്തിൽ വരും.

ശനിയാഴ്ച മൂന്നുപേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ന്യൂയോർക്കിൽ പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഒമിക്രോൺ സാമൂഹ്യവ്യാപനത്തിന്റെ തുടക്കത്തിലാണ്‌ സംസ്ഥാനമെന്ന്‌ ആരോഗ്യ കമീഷണർ മേരി ബസ്സെറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രികൾ നിറഞ്ഞതിനാൽ അടിയന്തര ചികിത്സ ഒഴികെയുള്ളവ മാറ്റിവയ്ക്കാൻ ഗവർണർ കാത്തി ഹോകുൾ ആരോഗ്യ വകുപ്പിന്‌ നിർദേശം നൽകി.

ന്യൂജേഴ്‌സി, ജോർജിയ, പെൻസിൽവാനിയ, മേരിലാൻഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചു. നെബ്രാസ്ക, മിനെസൊട്ട, കലിഫോർണിയ, ഹവായി, കൊളറാഡോ, ഉട്ടാ സംസ്ഥാനങ്ങളിൽ നേരത്തേതന്നെ ഒമിക്രോൺ എത്തിയതായി കണ്ടെത്തിയിരുന്നു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം സെനഗലിലും ഒമിക്രോൺ സ്ഥിരീകരിച്ചു. നൈജീരിയക്കും ഘാനയ്ക്കും ശേഷം ഒമിക്രോൺ കണ്ടെത്തുന്ന മൂന്നാമത്തെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ്‌.

യാത്ര നിരോധിച്ച്‌ യുകെ
ഒമിക്രോൺ വ്യാപനത്തെ തുടർന്ന്‌ നൈജീരിയയിൽനിന്നുള്ള യാത്ര നിരോധിച്ച്‌ ബ്രിട്ടൻ. തിങ്കൾ പുലർച്ചെ നാലുമുതലാണ്‌ നിരോധനം. ഇതിന്‌ മുമ്പ്‌ എത്തുന്നവർക്ക്‌ നിർബന്ധിത സമ്പർക്ക വിലക്കും രണ്ടുതവണ ആർടിപിസിആർ പരിശോധനയും. മറ്റ്‌ രാജ്യങ്ങളിൽനിന്നുള്ളവർക്ക്‌ യാത്രയ്ക്ക്‌ മുമ്പുള്ള കോവിഡ്‌ പരിശോധന നിർബന്ധമാക്കി. പുതിയ വകഭേദത്തിൽ രോഗബാധയ്ക്കും പകർച്ചാ കാലയളവിനുമിടയിലുള്ള ഇടവേള കുറവാണെന്ന്‌ കണ്ടെത്തിയതായും ബ്രിട്ടീഷ്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top