20 April Saturday
അമേരിക്കയിൽ ശനിയാഴ്‌ച 2494 മരണം

കോവിഡ്‌ മഹാമാരി : ആശ്വാസത്തിൽ ചൈന, സ്‌പെയിൻ ; വുഹാനിൽ ഇപ്പോൾ രോഗികളില്ല

വെബ് ഡെസ്‌ക്‌Updated: Monday Apr 27, 2020

ബീജിങ്‌/ മാഡ്രിഡ്‌
രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ്‌ മഹാമാരിയിൽനിന്ന്‌ രക്ഷപ്പെടാൻ കൊതിക്കുന്ന ലോകത്തിന്‌ ചൈനയിൽനിന്നും സ്‌പെയിനിൽനിന്നും ആശ്വാസവാർത്ത. കഴിഞ്ഞ ഡിസംബറിൽ രോഗം ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനിൽ ഇപ്പോൾ രോഗികളില്ല. ചൈനയിൽ ഒറ്റ മരണമില്ലാതെ തുടർച്ചയായി 12 ദിവസം പിന്നിട്ടു. മരണസംഖ്യയിൽ മൂന്നാമതുള്ള സ്‌പെയിനിൽ 44 ദിവസത്തിന്‌ ശേഷം ആദ്യമായി കുട്ടികൾക്ക്‌ വീടിന്‌ പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ, അമേരിക്കയിൽ ശനിയാഴ്‌ച 2494 മരണം റിപ്പോർട്ട്‌ ചെയ്‌തു.

വുഹാനിൽ കെട്ടിടനിർമാണ ജോലികൾ അടക്കം മിക്ക പ്രവൃത്തികളും പുനരാരംഭിച്ചു. സ്‌പെയിനിൽ 14 വയസ്സ്‌ വരെയുള്ള കുട്ടികളെ ഒരു രക്ഷിതാവിനൊപ്പം വീടിന്‌ പുറത്തിറങ്ങി ഒരു കിലോമീറ്റർ അകലെവരെ പോകാൻ അനുവദിച്ചു. മറ്റ്‌ കുട്ടികളുമായി കളിക്കരുത്‌ എന്നതടക്കം സാമൂഹ്യ അകലത്തിന്റെ നിർദേശങ്ങൾ പാലിച്ചായിരുന്നു ഇത്‌. പുറത്തുപോകുന്നതിന്‌ മുമ്പും ശേഷവും കൈകഴുകണം. ഞായറാഴ്‌ച സ്‌പെയിനിൽ റിപ്പോർട്ട്‌ ചെയ്‌ത 288 മരണം അഞ്ചാഴ്‌ചയിലെ ഏറ്റവും കുറഞ്ഞതാണ്‌. മൊത്തം 23,000 കടന്നു. സ്‌പെയിനിലും ഫ്രാൻസിലും കൂടുതൽ ഇളവുകൾ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും.

അമേരിക്കയിൽ ചില സംസ്ഥാനങ്ങൾ കടകളും മറ്റും തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും നിരവധി ഉടമകൾ മടിക്കുന്നതായാണ്‌ റിപ്പോർട്ട്‌. പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും മറ്റ്‌ റിപ്പബ്ലിക്കൻ നേതാക്കളും നിയന്ത്രണങ്ങൾ നീക്കുന്നതിന്‌ വാദിക്കുമ്പോഴും ജനങ്ങൾ അതിന്‌ എതിരാണെന്ന്‌ അഭിപ്രായ സർവേകൾ ഉദ്ധരിച്ച്‌ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു. അമേരിക്കയിൽ മരണസംഖ്യ 56,000 കടന്നു. രോഗികൾ 10 ലക്ഷത്തോളമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top