29 March Friday

യുഎസിൽ കഴിഞ്ഞവർഷം തന്നെ കോവിഡ്‌ ഉണ്ടായിരുന്നിരിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


വാഷിങ്‌ടൺ
കോവിഡ്‌–- 19 വൈറസ്‌ അമേരിക്കയിൽ 2019 ഡിസംബറിൽത്തന്നെ എത്തിയിരിക്കാമെന്ന്‌ പഠനം. യുഎസ്‌ രോഗപ്രതിരോധ കേന്ദ്രത്തിലെ(സിഡിസി) ശ്രീധർ വി ബസവരാജു ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ 7389 പേരുടെ രക്തസാമ്പിൾ പരിശോധിച്ചതിൽ 106 പേരിൽ കോവിഡിനെതിരായ പ്രതിവസ്തു കണ്ടെത്തി. 2019 ഡിസംബർ 13നും 16നും ഇടയിൽതന്നെ രോഗാണു രാജ്യത്തുണ്ടായിരുന്നിരിക്കണം എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.  ഈ വർഷം ജനുവരി 19നാണ്‌ അമേരിക്കയിൽ ആദ്യമായി കോവിഡ്‌ ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്‌.

അമേരിക്കൻ റെഡ്‌ ക്രോസിന്‌ രക്തം ദാനം ചെയ്തവരുടെ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ്‌ നിർണായക കണ്ടെത്തൽ. ക്ലിനിക്കൽ ഇൻഫെക്ഷ്യസ്‌ ഡിസീസസ്‌ ജേണൽ റിപ്പോർട്ട്‌ പ്രകാരം കോവിഡ്‌ വൈറസിന്റെ പ്രോട്ടീൻ പാളിയെ നശിപ്പിച്ച്‌ അതിനെ നിർവീര്യമാക്കുന്ന ഘടകങ്ങളുടെ സാന്നിധ്യം 84 സാമ്പിളിൽ ശക്തമാണ്‌. ആരോഗ്യസംവിധാനം തിരിച്ചറിയുന്നതിനുമുമ്പേതന്നെ അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശത്ത്‌ രോഗാണു എത്തിയിരിക്കണമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. അല്ലെങ്കിൽ വൈറസിനെ ഫലപ്രദമായി ചെറുക്കുന്ന പ്രതിവസ്തുക്കൾ ഒരു വിഭാഗം ആളുകളിൽ മുമ്പേ ഉണ്ടായിരുന്നിരിക്കണം. എന്നാൽ, അതിന്‌ സാധ്യത വിരളമാണ്‌.

കൂടുതൽ പരിശോധനയിൽ ഇതിൽ 39 സാമ്പിളിൽ ഐജിജി, ഐജിഎം പ്രതിവസ്‌തുക്കളുടെ സാന്നിധ്യവും കണ്ടെത്തി. ഇവർ കോവിഡ്‌–- 19 ബാധിതരായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top