29 March Friday

കോവിഡ്: യുഎസിൽ മരണം 
ജൂണിൽ 6 ലക്ഷമായേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


വാഷിങ്‌ടൺ
വാക്സിൻ വിതരണം ത്വരിതപ്പെടുത്തിയാലും അമേരിക്കയിൽ ജൂൺ ആദ്യത്തോടെ കോവിഡ്‌ മരണം ആറുലക്ഷത്തോട്‌ അടുക്കുമെന്ന്‌ റിപ്പോർട്ട്‌. വാഷിങ്‌ടൺ സർവകലാശാല നടത്തിയ പഠനത്തിലാണ്‌ ജൂൺ ഒന്നിന്‌ മരണം 5,89,000 കടക്കുമെന്ന്‌ പറയുന്നത്‌. വേൾഡോമീറ്റർ കണക്ക്‌ പ്രകാരം ദിവസങ്ങൾക്ക്‌ മുമ്പേ ഇവിടെ‌ കോവിഡ്‌ മരണം അഞ്ചുലക്ഷം കടന്നിരുന്നു. എന്നാൽ ഔദ്യോഗിക കണക്കിൽ തിങ്കളാഴ്ചയാണ്‌ അഞ്ചുലക്ഷം കടന്നത്‌. മരിച്ചവരെ സ്‌മരിച്ച്‌ വൈറ്റ്‌ ഹൗസിൽ പ്രസിഡന്റ്‌ ജോ ബൈഡൻ, വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌ എന്നിവരുടെ നേതൃത്വത്തിൽ മൗനാചരണം നടത്തി.

2019ൽ ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങൾ, അൾഷിമേഴ്‌സ്‌, ഫ്ലൂ എന്നിവ പിടിപെട്ട്‌ ആകെ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണമെന്ന്‌ ജോൺ ഹോപ്‌കിൻസ്‌ സർവകലാശാല വ്യക്തമാക്കുന്നു. 2020 ഫെബ്രുവരിയിൽ കലിഫോർണിയയിലാണ്‌ ആദ്യത്തെ കോവിഡ്‌ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത്‌. നാലുമാസത്തിൽ മരണസംഖ്യ 10,000 കടന്നു. സെപ്‌തംബറോടെ രണ്ടുലക്ഷം പേർ കോവിഡിന്‌ ഇരയായി. ഡിസംബറിൽ  മരണം മൂന്നുലക്ഷവും ജനുവരിയിൽ നാലുലക്ഷവും കടന്നു.

കോവിഡ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും ഔദ്യോഗിക കണക്കിലുള്ളതിലും വളരെ അധികമായിരിക്കുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മാസ്‌ക്‌ അടക്കമുള്ള കോവിഡ്‌ നിയന്ത്രണ നടപടികളെ പുച്ഛിച്ചതും രോഗവ്യാപനം തടയാൻ നടപടി സ്വീകരിക്കാതിരുന്നതുമാണ്‌ അമേരിക്കയിൽ സ്ഥിതി ഏറ്റവും മോശമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top