19 April Friday

കോവിഡ്‌ മഹാമാരിയിൽ മരണം രണ്ട്‌ ലക്ഷം കടന്നു; മുപ്പത്‌ ലക്ഷം രോഗികൾ

വെബ് ഡെസ്‌ക്‌Updated: Sunday Apr 26, 2020

ലണ്ടൻ/വാഷിങ്‌ടൺ
കോവിഡ്‌ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പിൽ ഒന്നേകാൽ ലക്ഷത്തോളം. അമേരിക്കയിൽ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ്‌ ആദ്യ മരണം ചൈനയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌.  മരണസംഖ്യ ഒരുലക്ഷം കടന്നത്‌ ഈ മാസം പത്തിന്‌. പിന്നെ രണ്ടാഴ്‌ചകൊണ്ടാണ്‌ ഒരുലക്ഷം പേർകൂടി മരിച്ചത്‌.

ലോകത്താകെ രോഗബാധിതർ 30 ലക്ഷത്തിലധികമായി. ഒമ്പതരലക്ഷത്തിലധികം അമേരിക്കയിലാണ്‌. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാൾ അധികമാണിത്‌. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു.


 

അമേരിക്കയിലും ബ്രിട്ടനിലുമാണ്‌ ഇപ്പോഴും പ്രതിദിന മരണസംഖ്യ കാര്യമായി കുറയാത്തത്‌. ബ്രിട്ടനിൽ ശനിയാഴ്‌ച 813 മരണം. ഒരാഴ്‌ചയ്‌ക്കിടെ ഏറ്റവുമുയർന്ന മരണസംഖ്യ. അവിടെ ആകെ മരണം 20,319. മരണസംഖ്യ 20,000 കടന്ന നാലാമത്തെ യൂറോപ്യൻ രാജ്യമാണ്‌ ബ്രിട്ടൻ. സ്‌പെയിനിൽ 378 പേർകൂടി മരിച്ചപ്പോൾ ആകെ 22,902 ആയി. യൂറോപ്പിൽ ഏറ്റവുമധികം മരണം ഇറ്റലിയിൽ 26,384. ഫ്രാൻസിൽ 22,500 കടന്നു. ബ്രിട്ടനിൽ അയ്യായിരത്തോളവും സ്‌പെയിനിൽ നാലായിരത്തോളവുമാണ്‌ പുതിയ രോഗബാധ.

അമേരിക്കയിൽ വെള്ളിയാഴ്‌ച  നാൽപ്പതിനായിരത്തോളം‌‌ രോഗം സ്ഥിരീകരിച്ചു‌. ശനിയാഴ്‌ചത്തെ കണക്ക്‌ പൂർണമായിട്ടില്ല. 50ൽ 30ലധികം സംസ്ഥാനത്തും പ്രതിദിന  രോഗബാധ വർധിക്കുന്നു‌. ചൈനയിൽ 11 ദിവസമായി മരണമില്ല. മരണസംഖ്യ 4632. ഇറാനിൽ 76 പേർകൂടി മരിച്ചു. ആകെ 5650. മരണസംഖ്യയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ: ബൽജിയം–-6917. ജർമനി‐ 5806, നെതർലൻഡ്‌സ്‌–-4409.  ബ്രസീൽ–-3704. തുർക്കി–-2706.

മലമ്പനി മരണം ഈ വർഷം ഏഴര ലക്ഷമാകാം
ഈ വർഷം 7,70,000 പേർ മലമ്പനി ബാധിച്ച്‌ മരിച്ചേക്കാമെന്ന്‌ ലോകാരോഗ്യ സംഘടന‌. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കോവിഡിൽ ആയതിനാൽ മറ്റ്‌ രോഗങ്ങൾമൂലമുള്ള മരണങ്ങൾക്ക്‌ സാധ്യതയേറി. 2018ൽ മലമ്പനി ബാധിച്ച്‌ മരിച്ചതിന്റെ ഇരട്ടിയോളമാകും ഇൗ വർഷം‌. കൊതുകുവലകളുടെയും മരുന്നുകളുടെയും വിതരണം തടസ്സപ്പെട്ടിരിക്കുന്നതിനാലാണ്‌ ഈ ആശങ്ക. ലോക മലമ്പനി ദിനമായിരുന്നു ശനിയാഴ്‌ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top