24 April Wednesday
അരലക്ഷത്തിൽനിന്ന്‌ എട്ടു ദിവസംകൊണ്ട്‌ ഇരട്ടിയായി; 1,02,074 മരണം

കണ്ണീർ ലക്ഷം ; കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 11, 2020

റോം/പാരീസ്‌
ആഗോള ക്രൈസ്‌തവ സമൂഹം ക്രിസ്‌തുവിന്റെ കുരിശുമരണത്തിന്റെ സ്‌മരണയിൽ ദുഃഖവെള്ളി ആചരിച്ച ദിനത്തിൽ, ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. ചൈനയിലെ വുഹാനിൽ ആദ്യമരണം റിപ്പോർട്ട്‌ ചെയ്‌ത ജനുവരി ഒമ്പതിനുശേഷം മഹാമാരിയിൽ മരണസംഖ്യ അരലക്ഷം കടന്നത്‌ 85–-ാം നാളിൽ ഏപ്രിൽ രണ്ടിനായിരുന്നു. പിന്നീട്‌ വെറും എട്ട്‌ ദിവസംകൊണ്ടാണ്‌ മരണസംഖ്യ ഇരട്ടിയായത്‌. ഇതിനിടെ ടെലി കോൺഫറൻസിലൂടെ ചേർന്ന യുഎൻ രക്ഷാസമിതി, മഹാമാരിക്കെതിരെ ഐക്യത്തോടെ പോരാടാൻ ലോകത്തോട്‌ ആഹ്വാനം ചെയ്‌തു.

ലോകത്താകെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറര ലക്ഷത്തോളമായി. ഇതിൽ 30 ശതമാനത്തോളം അമേരിക്കയിലാണ്‌. നാലേമുക്കാൽ ലക്ഷത്തിലധികം. ലോകത്തെ ആകെ മരണത്തിൽ 18 ശതമാനവും. അമേരിക്കയിലും ഇറ്റലിയിലും അടുത്ത ദിവസത്തിനകം മരണസംഖ്യ ഇരുപതിനായിരം കടന്നേക്കും. ബെൽജിയത്തിൽ വെള്ളിയാഴ്‌ച മൂവായിരം കടന്നു. സ്വിറ്റ്‌സർലൻഡിലും തുർക്കിയിലും ആയിരം കടന്നു.


 

190 രാജ്യങ്ങളിൽ
190ൽ പരം രാജ്യങ്ങളിലും ഇരുപതോളം പ്രത്യേക ഭരണപ്രദേശങ്ങളിലും കോവിഡ്‌ ബാധിച്ചിട്ടുണ്ട്‌. ആഭ്യന്തര സംഘർഷമുള്ള യെമനിൽ വെള്ളിയാഴ്‌ച  ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. കോവിഡ്‌ വ്യാപനം തടയാൻ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ നടപടികൾ വിവിധ രാജ്യങ്ങൾ നീട്ടിത്തുടങ്ങി. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ മെയ്‌ മൂന്നുവരെയാണ്‌ നീട്ടിയത്‌. കോവിഡ്‌ ഏറ്റവുമധികം ജീവനപഹരിച്ച യൂറോപ്പിൽ രോഗം നിയന്ത്രണവിധേയമായശേഷം സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ ഏപ്രിൽ 23ന്‌ നേതാക്കളുടെ വീഡിയോ കോൺഫറൻസ്‌ ചേരുമെന്ന്‌ യൂറോപ്യൻ കമീഷൻ അറിയിച്ചു. രോഗം നിയന്ത്രിക്കുന്നതിൽ അസാധാരണ മികവ്‌ പുലർത്തിയ ദക്ഷിണ കൊറിയയിൽ അടുത്തയാഴ്‌ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വെള്ളിയാഴ്‌ച എട്ട്‌ ക്വാറന്റീൻ കേന്ദ്രങ്ങളിൽ വോട്ടെടുപ്പ്‌ നടത്തി. ഇതിനിടെ ഫ്രഞ്ച്‌ വിമാനവാഹിനി കപ്പലായ ചാൾസ്‌ ഡിഗോളിൽ 50 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.

65,000 മരണവും നാല്‌ രാജ്യങ്ങളിൽ
ഒരുലക്ഷം കടന്ന മരണസംഖ്യയിൽ 65,000 മരണവും നാല്‌ രാജ്യങ്ങളിലായാണ്‌–-ഇറ്റലി(18849), അമേരിക്ക(18,505), സ്‌പെയിൻ(17,970), ഫ്രാൻസ്‌(13,197). ഇതിനൊപ്പം ബ്രിട്ടൻ(8958), ഇറാൻ(4232), ചൈന(3336), ബെൽജിയം(3019) എന്നിവയിലേത്‌ കൂടി ചേരുമ്പോൾ 85000 കടന്നു. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡത്തിലും കോവിഡ്‌ പടർന്നു. 

മേഖല തിരിച്ച്‌
കോവിഡ്‌ ബാധിച്ചവരുടെ കണക്കും മരണസംഖ്യയും (ബ്രാക്കറ്റിൽ) മേഖല തിരിച്ച്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ നാലരവരെ ഇങ്ങനെ

യൂറോപ്പ്‌: -8,26,389(67,247)
വടക്കേ അമേരിക്ക: -4,86,992(17,212)
മധ്യപൗരസ്‌ത്യദേശം: 91,327(4,493)
ലാറ്റിൻ അമേരിക്ക–-കരീബിയൻ: 50,589(2,090)
ആഫ്രിക്ക: 12,260(640)
ഓഷിയാനിയ: 7,282(59)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top