19 April Friday

അമേരിക്കയും ഇസ്രയേലും എതിർത്തു; യുഎൻ പ്രമേയത്തിന്‌ 169 രാഷ്‌ട്രപിന്തുണ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

ഐക്യരാഷ്‌ട്രകേന്ദ്രം> മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കോവിഡിനെ നേരിടാൻ അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ത്യയടക്കം 169 രാജ്യത്തിന്റെ പിന്തുണയോടെ ഐക്യരാഷ്‌ട്ര പൊതുസഭ പാസാക്കി. ലോകത്തിന്റെ പൊതുവികാരത്തിനെതിരെ നിന്ന അമേരിക്കയും ഇസ്രയേലും പ്രമേയത്തെ എതിർത്ത്‌ വോട്ട്‌ ചെയ്‌തു. ഉക്രയ്‌നും ഹങ്കറിയും വിട്ടുനിന്നു.
മഹാമാരിയെ നേരിടുന്നതിൽ ലോകാരോഗ്യ സംഘടനയുടെ സുപ്രധാന നേതൃത്വംകൂടി പ്രമേയത്തിൽ എടുത്തുപറയുന്നതിൽ പ്രതിഷേധിച്ചാണ്‌ അമേരിക്ക എതിർത്തത്‌. ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ബഹുരാഷ്‌ട്ര സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ ആഗോള പ്രതികരണത്തിന്‌ ആഹ്വാനം ചെയ്യുന്ന പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ വോട്ട്‌ ചെയ്‌തതായി യുഎന്നിലെ സ്ഥാനപതി നാഗരാജ്‌ നായിഡു ട്വീറ്റ്‌ ചെയ്‌തു.

യുഎന്നിലെ അഫ്‌ഗാൻ പ്രതിനിധി ആദില റാസയും ക്രൊയേഷ്യൻ സ്ഥാനപതി ഐവാൻ സിമോനോവിച്ചും ചേർന്നാണ്‌ കോവിഡിനെതിരെ സമഗ്രവും ഏകോപിതവുമായ പ്രതികരണത്തിനുള്ള ബൃഹത്‌പ്രമേയം തയ്യാറാക്കിയത്‌. കോവിഡ്‌ സംബന്ധിച്ച്‌ പൊതുസഭ ഈ വർഷം അംഗീകരിച്ച മൂന്നാമത്തെ പ്രമേയമാണിത്‌.
എല്ലാ രാജ്യങ്ങൾക്കും തടസ്സമില്ലാതെ യഥാസമയം നിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവും താങ്ങാവുന്നതുമായ പരിശോധന–-ചികിത്സാ സൗകര്യങ്ങളും മരുന്നുകളും വാക്‌സിനുകളും മറ്റ്‌ അവശ്യ ആരോഗ്യ സാങ്കേതികവിദ്യകളും ലഭ്യമാക്കണമെന്ന്‌ പ്രമേയത്തിൽ പറഞ്ഞു. ജീവൻരക്ഷാ സഹായങ്ങൾ ലഭ്യമാക്കുന്നതിന്‌ അടിയന്തരമായി വെടിനിർത്തലിനും നയതന്ത്രചർച്ചകൾക്ക്‌ വാതിൽ തുറക്കുന്നതിനുമുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തെ പിന്തുണച്ചു.

മഹാമാരിയെ നേരിടാൻ ഐക്യം ഉറപ്പാക്കാനും വംശീയത, വിദ്വേഷ പ്രസംഗം, അക്രമം, വിവേചനം എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും രാഷ്‌ട്രീയ, മത നേതാക്കളോട്‌ ആഹ്വാനം ചെയ്‌തു. ‘പ്രസക്തമല്ലാത്ത വിഷയങ്ങൾ’ പ്രമേയത്തിൽ ഉൾപ്പെടുന്നു എന്നാണ്‌ അമേരിക്ക ഉന്നയിച്ച ഒരു പരാതി. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ വഴങ്ങി എന്നും ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top