26 April Friday

കാലാവസ്ഥാ ദുരന്തം നേരിടാൻ നഷ്‌ടപരിഹാര നിധി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

കെയ്‌റോ> കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വികസ്വര രാഷ്‌ട്രങ്ങൾക്ക്‌ നഷ്ടപരിഹാരനിധി രൂപീകരിച്ച്‌ യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക്‌ സമാപനം. ഏകാഭിപ്രായമാകാത്തതിനാൽ ഒരു ദിവസത്തേക്ക്‌ നീട്ടിയ ഉച്ചകോടിയിലാണ്‌ അനിശ്ചിതത്വങ്ങൾക്ക്‌ വിരാമമിട്ട്‌ ചരിത്രപരമായ തീരുമാനം.

ഹരിത​ഗൃഹവാതകങ്ങൾ വൻതോതിൽ പുറന്തള്ളുന്നതുമൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക്‌ ഇരയാകുന്ന വികസ്വര– -ദ്വീപ്‌ രാഷ്‌ട്രങ്ങൾക്ക്‌ വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിക്കപ്പെ ട്ടു. എന്നാൽ, താപനിലയിലെ ശരാശരി വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക, കാർബൺ പുറന്തള്ളൽ വെട്ടിക്കുറയ്‌ക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ തീരുമാനമുണ്ടായി
ട്ടില്ല.

ദശാബ്ദങ്ങൾ നീണ്ട ചർച്ചകൾക്ക്‌ ഫലപ്രാപ്‌തിയുണ്ടായത്‌ ഉച്ചകോടിയുടെ വിശ്വാസ്യത ഉറപ്പിക്കുന്നതാണെന്ന്‌ യുഎൻ കാലാവസ്ഥാ വിഭാഗം തലവൻ സിമോൻ സ്‌റ്റെയിൽ പറഞ്ഞു. കലാവസ്ഥാവ്യതിയാനംമൂലമുള്ള അപകടങ്ങൾ തുടരുന്നതിനാൽ ഗൗരവപൂർണമായ ഇടപെടൽ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്‌ പറഞ്ഞു.

ഫണ്ടെത്ര, വിഹിതമെത്ര ?


ആകെ എത്രരൂപയുടെ നഷ്‌ടപരിഹാരനിധിയാണ്‌ രൂപീകരിച്ചതെന്നും വികസിത രാജ്യങ്ങളുടെ വിഹിതം എത്രയാണെന്നുമുള്ള വിവരങ്ങൾ പുറത്തുവരാനുണ്ട്‌. നിധിയിലേക്ക്‌ ജർമ്മനി 1433 കോടിയും ഓസ്‌ട്രിയ 421 കോടിയും സ്‌കോട്‌ലൻഡ്‌ 42 കോടിയും വാഗ്‌ദാനം ചെയ്‌തിരുന്നു. ആഗോള താപവർധന 1.5 ഡിഗ്രി സെൽഷ്യസാക്കി പരിമിതപ്പെടുത്തണമെന്നും ഇതിനായി കാർബൺ പുറന്തള്ളൽ രണ്ടായിരത്തിമുപ്പതോടെ 2010ലെ നിലയിൽനിന്ന്‌ 45 ശതമാനത്തിന്റെ കുറവ്‌ വരുത്തണമെന്നും ഗ്ലാസ്‌ഗോ ഉച്ചകോടി ആഹ്വാനം ചെയ്‌തിരുന്നു. ഇത്‌ നടപ്പാക്കുന്നതിലും വ്യക്തമായ തീരുമാനം ഉച്ചകോടിയിൽ ഉണ്ടായിട്ടില്ല.

യുഎഇയിലാണ്‌ അടുത്ത വർഷത്തെ സിഒപി28 ഉച്ചകോടി. നഷ്ടപരിഹാരനിധി വലിയ നേട്ടമാണെങ്കിലും കലാവസ്ഥാവ്യതിയാനത്തിന്‌ ഇടയാക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ മൂർത്തമായ തീരുമാനമില്ലാതെയാണ്‌ ഉച്ചകോടി പിരിയുന്നതെന്നാണ്‌ പരിസ്ഥിതി–-കാലാവസ്ഥാ ശാസ്‌ത്രജ്ഞരുടെ വിമർശം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top